Headlines

SIR ജോലി സമ്മർദം: ‘BLOമാർക്ക് ആവശ്യത്തിന് വിശ്രമം അനുവദിക്കും’; ആത്മഹത്യ ഭീഷണിയിൽ ഇടപെട്ട് ജില്ലാ കളക്ടർ

എസ്ഐആർ‌ ജോലി സമ്മർദ്ദത്തിൽ കോട്ടയത്ത് ബിഎൽഒ ആത്മഹത്യ ഭീഷണി മുഴക്കിയ സംഭവത്തിൽ ഇടപെട്ട് കോട്ടയം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ. കോട്ടയം മുണ്ടക്കയം സ്വദേശി ആന്റണിയാണ് വില്ലേജ് ഓഫീസർ ഉൾപ്പെടെയുള്ളവരുടെ ഗ്രൂപ്പിൽ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ആന്റണി മികച്ച ബിഎൽഒ ആണെന്നും വീഡിയോ കോളിലൂടെ സംസാരിച്ചെന്നും കളക്ടർ പറഞ്ഞു. ബിഎൽഒമാർക്ക് ആവശ്യത്തിന് വിശ്രമം അനുവദിക്കുമെന്നും കളക്ടർ ട്വന്റിഫോറിനോട് പ്രതികരിച്ചു.

ബിഎൽഒമാർക്കൊപ്പമാണ് തങ്ങളും ഉള്ളത്. സൗഹൃദപരമായ നിലപാടാണ് ബിഎൽഒമാരോട് സ്വീകരിക്കുന്നത്. ആന്റണി മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. 100% ഫോമുകളും ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞുവെന്ന് കളക്ടർ പറഞ്ഞു. മികച്ച രീതിയിൽ പ്രവർത്തിക്കാമെന്ന് ആന്റണി കളക്ടർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.

കൂടുതൽ ആളുകളുടെ സേവനം വേണ്ടിവന്നാൽ നൽകും. ജനങ്ങളും എസ് ഐ ആർ ഫോം സമർപ്പിക്കുന്നതിൽ നേരിട്ട് പങ്കാളികളാകണമെന്ന് ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. ഓൺലൈനിലൂടെ അപേക്ഷ സമർപ്പിക്കാൻ ജനങ്ങൾ തയ്യാറാകണം. അങ്ങനെ വന്നാൽ ബിഎൽഒമാരുടെ ജോലിഭാരം കുറയ്ക്കാൻ ആകുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.