ബിഹാറില്‍ നിതീഷ് കുമാറിനെ പിന്തുണയ്ക്കാന്‍ തയ്യാറെന്ന് അസദുദ്ദീന്‍ ഒവൈസി. പാട്‌നയ്ക്ക് പുറത്തേക്ക് വികസനം എത്തണമെന്നും സീമാഞ്ചല്‍ മേഖലയില്‍ നീതി ലഭിക്കണമെന്നും പറഞ്ഞുകൊണ്ടാണ് ഒവൈസി നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ തയ്യാറെന്ന് അറിയിച്ചത്. തീവ്രവാദം വളരാന്‍ അനുവദിക്കില്ല എന്ന ഉറപ്പുകൂടി ലഭിച്ചാല്‍ തന്റെ പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ നിതീഷിന് നല്‍കുമെന്നും ഒവൈസി വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ എഐഎംഐഎം അഞ്ച് സീറ്റുകള്‍ നേടിയിരുന്നു
വികസനം എത്തിനോക്കിയിട്ടില്ലാത്ത മേഖലയാണ് സീമാഞ്ചല്‍ എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആ പ്രദേശത്തിനായി ഒവൈസി ശക്തമായി വാദിച്ചത്. മുസ്ലിം ജനസംഖ്യ ഏറ്റവും കൂടുതലുള്ള മേഖലയാണ് സീമാഞ്ചല്‍. കാലങ്ങളായി വികസനമില്ലാത്ത പ്രദേശമായി ഇത് തുടരുകയാണ്. കുടിയേറ്റവും അഴിമതിയും കാരണം ജനങ്ങള്‍ കഷ്ടപ്പെടുന്നു. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം. വികസനം പട്‌നയ്ക്കും രാജ്ഗിറിനും അപ്പുറത്തേക്ക് എത്തേണ്ടതുണ്ടെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.
സീമാഞ്ചലിലെ 24 മണ്ഡലങ്ങളില്‍ 14 ഇടത്തും ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ഥികളാണ് വിജയിച്ചിരുന്നത്. ഇത് കൂടി ചൂണ്ടിക്കാട്ടിയായിരുന്നു ഒവൈസിയുടെ പ്രതികരണം. ബിഹാറിന്റെ വടക്ക് കിഴക്കന്‍ ഭാഗത്തുള്ള ഈ പ്രദേശത്താണ് ബിഹാറില്‍ ഏറ്റവുമധികം മുസ്ലീങ്ങള്‍ താമസിക്കുന്നത്.







