Headlines

ശബരിമല സ്വര്‍ണക്കൊള്ള: ‘അന്വേഷണം കടകംപള്ളിയിലേക്കും വാസവനിലേക്കും എത്തണം’; കെ മുരളീധരന്‍

ശബരിമല സ്വര്‍ണക്കൊള്ളയില്‍ കടകംപള്ളി സുരേന്ദ്രനിലേക്ക് മാത്രമല്ല, ദേവസ്വംമന്ത്രി വി എന്‍ വാസവനിലേക്കും അന്വേഷണം എത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. എ പത്മകുമാറിന് പിന്നില്‍ സിപിഐഎം ആണെന്നും കെ മുരളീധരന്‍ പറഞ്ഞു.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മെമ്പര്‍മാരും മാത്രമായിട്ട് ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. സര്‍ക്കാരിനും മന്ത്രിമാര്‍ക്കും അറിയാവുന്ന കാര്യങ്ങള്‍ തന്നെയാണ് ബോര്‍ഡ് അംഗങ്ങളും പ്രസിഡന്റുമൊക്കെ ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ വിശദമായി അന്വേഷിക്കണം. അന്വേഷണം മന്ത്രിമാരിലേക്കും മുന്‍മന്ത്രിമാരിലേക്കും നീങ്ങണം. പത്മകുമാറൊക്കെ ഇങ്ങനെയൊരു പ്രവര്‍ത്തി ചെയ്തുവെങ്കില്‍ പാര്‍ട്ടി അറിഞ്ഞു തന്നെ ചെയ്തുവെന്നാണ് ഞങ്ങളൊക്കെ വിശ്വസിക്കുന്നത് – അദ്ദേഹം പറഞ്ഞു.

പരസ്യമായിട്ട് ഇളക്കി എടുത്തുകൊണ്ടുപോയി സ്വര്‍ണപാളികളെ ചെമ്പ് പാളികളാക്കി. ഇതൊന്നും ഒരു മന്ത്രി അറിഞ്ഞില്ല എന്ന് പറഞ്ഞാല്‍ അങ്ങനെ അങ്ങ് വിഴുങ്ങാന്‍ ജനത്തിന് പ്രയാസമാണ്. അതുകൊണ്ടാണ് അന്വേഷണം കടകംപള്ളിയിലേക്കും വാസവനിലേക്കും എത്തണം എന്ന് ഞങ്ങള്‍ പറയാന്‍ കാരണം. ദേവസ്വം ബോര്‍ഡാണ് പ്രതി. പ്രസിഡന്റുമാര്‍ മാത്രമല്ല. അതില്‍ അംഗങ്ങളും കൂട്ടുപ്രതികളാണ് – അദ്ദേഹം പറഞ്ഞു.

മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രനും ആവശ്യപ്പെട്ടു.