ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിപിഐഎം നേതാവും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിന്റുമായ എ പത്മകുമാറിന്റെ അറസ്റ്റ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. പാര്‍ട്ടി ഉന്നത നേതൃത്വവുമായി അടുത്തബന്ധമുള്ള പത്മകുമാറിന്റെ അറസ്റ്റ് പ്രതിപക്ഷവും ബിജെപിയും പ്രചാരണ വിഷയമാക്കും. പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വര്‍ണക്കൊള്ള തിരിച്ചടിയാകില്ലെന്ന ആത്മവിശ്വാസത്തിലാണ് സിപിഐഎം.
ആദ്യഘട്ടത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയേയും ദേവസ്വം ജീവനക്കാരെയും ചുറ്റിപ്പറ്റി വളര്‍ന്ന കേസ് സിപിഐഎം ബന്ധമുള്ള എന്‍. വാസു അറസ്റ്റ് ചെയ്യപ്പെട്ടതോടെ തിരഞ്ഞെടുപ്പ് വിഷയമായി മാറി. പത്മകുമാറിന്റെ അറസ്റ്റോടെ ശബരിമല സ്വര്‍ണ്ണകൊള്ള തദ്ദേശ തെരഞ്ഞെടുപ്പിലെ മുഖ്യ ചര്‍ച്ചാവിഷയം ആകുകയാണ്.
അറസ്റ്റിന് പിന്നാലെ യുഡിഎഫ് നേതൃത്വം ഒറ്റക്കെട്ടായി സര്‍ക്കാരിനെയും സിപിഎമ്മിനെയും വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട് കിടക്കുന്ന മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും പത്മകുമാറിന്റെ അറസ്റ്റ് രാഷ്ട്രീയ തിരിച്ചടി ഉണ്ടാക്കുമെന്ന് എല്‍ഡിഎഫിന് ആശങ്കയുണ്ട്. വാസുവിന്റെയും പത്മകുമാറിന്റെയും പാര്‍ട്ടി ബന്ധം ഒരുതരത്തിലും നിഷേധിക്കാന്‍ ആകാത്തതിനാല്‍ സിപിഐഎം ആണ് പ്രതിക്കൂട്ടിലാകുന്നത്. പത്മകുമാര്‍ അന്വേഷണ സംഘത്തിന് നല്‍കുന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ നേതൃത്വത്തിലുള്ള കൂടുതല്‍ പേര്‍ അന്വേഷണ വലയത്തിലേക്ക് വരുമോ എന്ന ആശങ്കയും ഇടത് രാഷ്ട്രീയവൃത്തങ്ങളില്‍ വളരുന്നുണ്ട്.
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ രാഷ്ട്രീയ ബന്ധമുള്ളവരുടെ അറസ്റ്റ് തിരിച്ചടി ഉണ്ടാക്കുമെങ്കിലും അത് നിയമസഭാ തിരഞ്ഞെടുപ്പ് വരെ നീണ്ടു പോകാതിരിക്കാന്‍ സഹായിച്ചേക്കും എന്നാണ് സിപിഐഎമ്മിന്റെ പ്രതീക്ഷ. തദ്ദേശ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ തിരിച്ചടി ഉണ്ടായാല്‍ തന്നെ, പ്രചാരണം നടത്തി നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് അതു മറികടക്കാന്‍ ആകുമെന്നും സിപിഐഎം പ്രതീക്ഷിക്കുന്നു. പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ശബരിമല വിവാദം വലിയ ആഘാതം ഉണ്ടാക്കില്ലെന്നും സിപിഐഎം കരുതുന്നുണ്ട്.








