സത്രം – പുല്ല്മേട് കാനന പാതയിൽ സീതക്കുളം ഭാഗത്ത് ശബരിമല തീർത്ഥാടകൻ കുഴഞ്ഞ് വീണ് മരിച്ചു. ആഡ്രാ സ്വദേശി മല്ലികാർജ്ജുന റെഡ്ഡി (42) ആണ് മരിച്ചത്. പ്രാഥമിക ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല.
ആന്ധ്രാപ്രദേശിൽ നിന്നുള്ള തീര്‍ത്ഥാടക സംഘത്തിനൊപ്പം സത്രം – പുല്ല്മേട് കാനന പാതയിൽ നിന്ന് ശബരിമലയിലേക്ക് പോകുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. സീതക്കുളം ഭാഗത്ത് വെച്ച് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദഹം നാട്ടിലേക്ക് കൊണ്ടുപോകും.
കഴിഞ്ഞ ദിവസമായിരുന്നു ശബരിമല ദർശനത്തിന് കോഴിക്കോടു നിന്നെത്തിയ തീർഥാടക കുഴഞ്ഞുവീണു മരിച്ചു. കൊയിലാണ്ടി ചെങ്ങോട്ടുകാവ് എടക്കുളം വസന്തപുരം ക്ഷേത്രത്തിനടുത്തുള്ള നിർമാല്യം വീട്ടിൽ സതിയാണ് മരിച്ചത്. 60 വയസായിരുന്നു.
മലകയറ്റത്തിനിടെ അപ്പാച്ചിമേട്ടിൽ വച്ചാണ് സതി കുഴഞ്ഞുവീണത്. ഭർത്താവിനും മറ്റു ബന്ധുക്കൾക്കും ഒപ്പമാണ് ശബരിമല തീർഥാടനത്തിനെത്തിയത്.ചൊവ്വാഴ്ച അനിയന്ത്രിതമായ തിരക്കാണ് ശബരിമല തീർഥാടന പാതയിലും സന്നിധാനത്തും അനുഭവപ്പെട്ടത്. ആറ് മുതൽ ഏഴ് മണിക്കൂർ വരെ സമയമാണ് പമ്പ മുതൽ നടപ്പന്തൽ വരെയെത്താൻ എടുത്തത്. അവിടെയും മണിക്കൂറുകളോളം ക്യൂ നിന്ന ശേഷമാണ് പലർക്കും ദർശനം നടത്താൻ സാധിച്ചത്.








