ഫ്ളക്സ് ബോര്‍ഡ് കെട്ടുന്നതിനെ ചൊല്ലിയുള്ള സംഘര്‍ഷത്തിനിടെ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു. കൊല്ലം പുനലൂര്‍ നഗരസഭയിലെ ശാസ്താംകോണം വാര്‍ഡിലാണ് ബിജെപി – സിപിഐഎം സംഘര്‍ഷം. ബിജെപി പ്രവര്‍ത്തകനായ രതീഷിനാണ് വെട്ടേറ്റത്. ബിജെപി സ്ഥാനാര്‍ത്ഥിയായ മണിക്കുട്ടന് നാരായണനെ ആക്രമിക്കാനുള്ള ശ്രമമെന്നാണ് ബിജെപിയുടെ പരാതി.
രതീഷിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്‍ഡിഎ സ്ഥാനാര്‍ഥിയായ മണിക്കുട്ടനും ബിജെപിയുടെ വെസ്റ്റ് ഏരിയ ജനറല്‍ സെക്രട്ടറിയായ മധുസൂദനനും ബിജെപി ബൂത്ത് ജനറല്‍ സെക്രട്ടറിയായ കവിരാജനും പരുക്കേറ്റിട്ടുണ്ട് എന്നാണ് ബിജെപി പ്രവര്‍ത്തകര്‍ പറയുന്നത്.
ഇന്ന് രാത്രി 9.30ഓടെയാണ് സംഘര്‍ഷമുണ്ടായത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ശാസ്താംകോണം വാര്‍ഡില്‍ ആ ബിജെപി പ്രവര്‍ത്തകര്‍ ഫ്ലക്സ് കെട്ടുകയായിരുന്നു. അതിനിടയില്‍ സിപിഐഎം പ്രവര്‍ത്തകര്‍ എത്തുകയും സംഘര്‍ഷം ഉണ്ടാവുകയുമായിരുന്നു എന്നാണ് ബിജെപിയുടെ ആരോപണം.
എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ ഫ്ളക്സ് വയ്ക്കുന്നത് തടസപ്പെടുത്തി എന്നാണ് ബിജെപിയുടെ ആരോപണം. അതേസമയം, സിപിഐഎം സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോര്‍ഡിന്റെ സ്ഥലത്തുതന്നെ ബിജെപി പ്രവര്‍ത്തകര്‍ ഫ്ളക്സ് സ്ഥാപിക്കുകയും സിപിഐഎം പ്രവര്‍ത്തകര്‍ക്കാണ് പരുക്കേറ്റത് എന്നുള്ളതുമാണ് സിപിഐഎമ്മിന്റെ ആരോപണം.






