സൗദി ബസ് അപകടം; മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചു, സാമ്പിൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു

ദില്ലി: സൗദി ബസ് അപകടത്തിൽ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മൃതദേഹങ്ങളുടെ സാമ്പിൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഫലം ലഭിക്കാൻ 48 മണിക്കൂർ എങ്കിലും വേണ്ടി വരും. മരിച്ചവരുടെ ബന്ധുക്കളും തെല്ലങ്കാന സർക്കാർ പ്രതിനിധികളും ഇന്ന് സൗദിയിൽ എത്തും. സംസ്കാരം ഇതിനു ശേഷമാണു തീരുമാനിക്കുക. ബസപകടത്തിൽ മരിച്ചവരിൽ ഒരു കുടുംബത്തിലെ 18 പേരും ഉൾപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഇതിൽ ഒമ്പത് പേരും കുട്ടികളാണ്. അപകടത്തിൽ രക്ഷപ്പെട്ട ഒരേയൊരാളായ അബ്ദുൽ ഷുഹൈബ് മുഹമ്മദ് ആശുപത്രിയിൽ ചികിത്സയിലാണ്.

ശനിയാഴ്ച്ച തിരികെ എത്തേണ്ടവരായിരുന്നു അപകടത്തിൽ പെട്ട തീർത്ഥാടകർ. ഹൈദരാബാദിൽ മാധ്യമങ്ങളോട് സംസാരിച്ച കുടുംബാഗംമായ മുഹമ്മദ് ആസിഫാണ് ഒരു കുടുംബത്തിനുണ്ടായ വലിയ നഷ്ടം വിവരിച്ചത്. ഇദ്ദേഹത്തിന്‍റെ സഹോദരിയുടെ ഭർത്താവ്, ഭാര്യാസഹോദരൻ, അവരുടെ മകൻ, മൂന്ന് പെൺമക്കൾ, അവരുടെ കുട്ടികൾ എന്നിവരാണ് തീർത്ഥാടനത്തിന് പോയിരുന്നത്. എട്ട് മുതിർന്നവരും എട്ട് കുട്ടികളുമാണ് ഒറ്റ കുടുംബത്തിൽ നിന്ന മരിച്ചത്. ഇതിനിടെ അപകടത്തിൽ രക്ഷപ്പെട്ട ഒരേയൊരാളായി സംഘത്തിലെ അബ്ദുൽ ഷുഹൈബ്. ഇദ്ദേഹം ചികിത്സയിലാണ്. ഡ്രൈവർക്ക് തൊട്ടടുത്തായിരുന്നു ഇദദേഹം ഇരുന്നിരുന്നത് എന്നാണ് വിവരം. ജിദ്ദ കോൺസൽ ജനറൽ ആശുപത്രിയിലെത്തി അബ്ദുൾ ഷുഹൈബിനെ സന്ദർശിച്ചു.

അപകടത്തിൽ മരിച്ചവരിൽ ഹൈദരാബാദിൽ നിന്നുപോയ 16 പേർ ഉൾപ്പെടുന്നുവെന്ന സ്ഥിരീകരണമുണ്ട്. ഇതിൽ നാലുപേർ സ്ത്രീകളാണെന്നും സ്ഥിരീകരിച്ചു. ഹൈദരാബാദ് അൽമദീന ട്രാവൽസ് വഴിയാണ് ഇവർ ഉംറയ്ക്ക് പോയത്. ട്രാവൽ ഏജൻസിയിൽ നിന്ന് ലഭിച്ച വിവരങ്ങൾ റിയാദിലെ ഇന്ത്യൻ എംബസിക്ക് കൈമാറിയിട്ടുണ്ട്. അപകടത്തിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടുക്കം രേഖപ്പെടുത്തി.