“സിനിമയ്ക്ക് വേണ്ടി ഇനിയും എല്ലുകൾ ഒടിഞ്ഞാലും സാരമില്ല” ; ഓസ്കർ തിളക്കത്തിൽ ടോം ക്രൂസ്

നാല് പതിറ്റാണ്ടിലധികം നീണ്ട സിനിമ ജീവിതത്തിലെ പ്രത്യേക സംഭാവനകൾ മാനിച്ച് ആക്ഷൻ സൂപ്പർ താരം ടോം ക്രൂസിന് ഹോണററി ഓസ്കർ പുരസ്‌കാരം നൽകി അക്കാദമി. സംവിധായകൻ അലെജാന്ദ്രോ ഇൻഹെറിറ്റുവിന് ടോം ക്രൂസിന് ഓസ്കർ കൈമാറിയത്. തുടർന്ന് നടത്തിയ പ്രസംഗത്തിൽ ടോം ക്രൂസ് വികാരഭരിതനായി.

“തീരെ ചെറിയ പ്രായത്തിലാണ് സിനിമയോടുള്ള എന്റെ ഭ്രമം തുടങ്ങുന്നത്, തിയറ്ററിനുള്ളിൽ ഇരുട്ടിനെ കീറിമുറിച്ച് ഒരു രശ്മി മുന്നിലെ തിരശീലയിൽ പോയി പതിച്ച് ഒരു സ്ഫോടനം നടക്കുന്നത് അന്ന് ഞാൻ അത്ഭുതത്തോടെയാണ് കണ്ടത്. പെട്ടെന്ന് എന്റെ ചുറ്റിലുമുള്ള ലോകം വളരെ വലുതായി. അതെന്നിൽ ആഴത്തിലുള്ള ഒരു തരം വിശപ്പുണ്ടാക്കി, സാഹസികതയ്ക്കും, അറിവിനും, മനുഷ്യനെ മനസിലാക്കി അവരോട് അവരുടെ തന്നെ കഥ പറയാനുമുള്ള ഒരു വിശപ്പ്. ജീവിതത്തിന് മറികടക്കാനാകുന്ന പരിധികളെക്കുറിച്ചുള്ള ബോധം എനിക്ക് നൽകിയത് സിനിമയാണ്” ടോം ക്രൂസ് പറയുന്നു.

ടോം ക്രൂസ് അടുത്തതായി അഭിനയിക്കാൻ പോകുന്ന ചിത്രമായ ‘ജൂഡി’ അലെജാന്ദ്രോ ഇൻഹെറിറ്റുവാണ്‌ സംവിധാനം ചെയ്യുന്നത്. ഡാർക്ക് കോമഡി സ്വഭാവത്തിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. സിനിമ ജീവിതത്തിൽ നിരവധി നിമിഷങ്ങളെ കുറിച്ച് വേദിയിൽ വെച്ച് ഓർമ്മിച്ച ടോം ക്രൂസ് തന്റെ സ്റ്റണ്ട് ജീവിതത്തെയും സ്മരിച്ചു.

“സിനിമാ മേഖലയെ പിൻതുണയ്ക്കാനായി ഞാൻ എന്തും ചെയ്യും ഏത് അറ്റം വരെയും പോകും എന്ന് ഞാൻ ഉറപ്പ് തരുന്നു. അതിന് നിലവിലുള്ളതിനേക്കാൾ എല്ലുകൾ എന്റെ ശരീരത്തിൽ ഒടിഞ്ഞാലും വേണ്ടില്ല. സിനിമയിൽ കയറിപ്പറ്റാൻ കിണഞ്ഞു പരിശ്രമിക്കുന്ന ഏതൊരു പയ്യനും പ്രചോദനം പകരാൻ ഞാൻ ശ്രമിക്കും” ടോം ക്രൂസ് പറയുന്നു.