Headlines

മണ്ഡല- മകരവിളക്ക് തീർഥാടനം; ശബരിമല നട തുറന്നു, ദർശനപുണ്യം തേടി ഭക്തർ

മണ്ഡല- മകരവിളക്ക് തീർഥാടനകാലത്തിനു തുടക്കം കുറിച്ച് ശബരീശന്റെ ക്ഷേത്രനട ഇന്ന് വൈകിട്ട് 5. 00 ന് തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്നു ദീപം തെളിയിച്ചു. ആഴി തെളിച്ചശേഷം തീർഥാടകരെ പടികയറി ദർശനത്തിന് അനുവദിക്കും. നാളെ (17ന്) വൃശ്ചികപ്പുലരിയിൽ പൂജകൾ തുടങ്ങും.

വൃശ്ചികമാസം ഒന്നുമുതല്‍ (നവംബര്‍ 17-തിങ്കളാഴ്ച) രാവിലെ മൂന്ന് മണി മുതല്‍ ഉച്ചക്ക് ഒരു മണിവരെയും ഉച്ചക്കഴിഞ്ഞ് മൂന്ന് മണിമുതല്‍ രാത്രി 11 മണിക്കുള്ള ഹരിവരാസനം വരെയും തിരുനട തുറന്നിരിക്കും.

ഡിസംബർ 26 ന് തങ്കഅങ്കി ചാർത്തി ദീപാരാധന. ഡിസംബർ 27ന് മണ്ഡലപൂജയ്‌ക്കു ശേഷം നടയടയ്‌ക്കും. ഡിസംബർ 30ന് വൈകിട്ട് 5ന് മകരവിളക്കിനായി നട തുറക്കും. ജനുവരി 14 നാണ് മകരവിളക്ക്. ജനുവരി 20നു മണ്ഡലക്കാലത്തിന് ശേഷം തിരുനടയടയ്‌ക്കും.

ഓണ്‍ലൈന്‍ ആയി 70,000 പേര്‍ക്കും തത്സമയ ബുക്കിങ് വഴി 20,000 പേര്‍ക്കും ദര്‍ശനം സാദ്ധ്യമാകും. ഓണ്‍ലൈന്‍ ദര്‍ശനം ബുക്കുചെയ്ത് ക്യാന്‍സല്‍ ചെയ്യുമ്പോള്‍ ആ ക്വാട്ട കൂടി തത്സമയ ബുക്കിങ്ങിലേക്ക് മാറും.