ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ തങ്ങൾ വിജയിക്കാൻ പോകുന്നുവെന്ന് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായ തേജസ്വി യാദവ്. നിലവിലെ സാഹചര്യങ്ങൾ മഹാസഖ്യത്തിന് അനുകൂലമാണ്. ഒരു മാറ്റം വരാൻ പോകുന്നുവെന്നും തങ്ങൾ സർക്കാർ രൂപീകരിക്കുമെന്നും തേജ്വസി യാദവ് പ്രതികരിച്ചു.
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടുകളിൽ എൻഡിഎയ്ക്കാണ് മുൻതൂക്കം. എൻഡിഎ 48 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഇന്ത്യാ സഖ്യം 25 സീറ്റുകളിലും. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. സർക്കാർ രൂപീകരിക്കുമെന്ന് ഇന്ത്യാ സഖ്യവും എൻഡിഎയും അവകാശ വാദം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.
38 ജില്ലകളിലായി 46 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഉള്ളത്. എക്സിറ്റ്പോൾ ഫലങ്ങൾ ഏതാണ്ട് എല്ലാം എൻഡിഎ വലിയ ഭൂരിപക്ഷമാണ് പ്രവചിച്ചത്. അതിൽ തന്നെ ഏറ്റവും നേട്ടം ഉണ്ടാക്കാൻ പോകുന്നത് ജെഡിയു ആണെന്നാണ് എക്സിറ്റ് പോളുകളുടെ പൊതുവിലയിരുത്തൽ. 30 സീറ്റുകൾ ഇത്തവണ അധികമായി ലഭിക്കുമെന്നാണ് പ്രവചനം.
അതേസമയം ജെഡിയുവിന്റെ ആത്മവിശ്വാസവും തീരെക്കുറവല്ല. ബിഹാറില്‍ അധികാര തുടര്‍ച്ചയുണ്ടാകുമെന്നാണ് ജെഡിയുവിന്റെ പ്രതികരണം. എക്‌സ് പോസ്റ്റിലൂടെയാണ് ജെഡിയുവിന്റെ പ്രതികരണം.









