അത്ര മധുരം വേണ്ട! ലോകത്താകമാനം 63.5 കോടി പേർ പ്രമേഹ ബാധിതർ; ഇന്ന് ലോക പ്രമേഹ ദിനം

ഇന്ന് ലോക പ്രമേഹ ദിനം. ലോകത്താകമാനം 63.5 കോടി പേർ പ്രമേഹ ബാധിതരാണെന്നാണ് ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷന്റെ കണക്ക്. പ്രമേഹത്തെപ്പറ്റിയുള്ള അവബോധം സമൂഹത്തിൽ ശക്തിപ്പെടുത്തുകയും പ്രതിരോധിക്കുകയുമാണ് ലോക പ്രമേഹദിനത്തിന്റെ ലക്ഷ്യം. ‘ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലുമുള്ള പ്രമേഹം’ എന്നതാണ് ഈ വർഷത്തെ ദിനത്തിന്റെ പ്രമേയം.

2025-ഓടെ ലോകത്തെ പ്രമേഹരോഗികളുടെ എണ്ണം 85.3 കോടിയിലെത്തുമെന്നാണ് ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷന്റെ കണക്കുകൾ. ലോകത്ത് പ്രമേഹരോഗികളുടെ എണ്ണത്തിൽ 14 കോടി പേരുമായി ചൈന ഒന്നാം സ്ഥാനത്തും 7.7 കോടി പേരുമായി ഇന്ത്യ രണ്ടാം സ്ഥാനമാണുള്ളത്. ടൈപ്പ് 1, ടൈപ്പ് 2, ഗർഭകാല പ്രമേഹം എന്നിങ്ങനെ പ്രമേഹം പലവിധത്തിലുണ്ട്. ടൈപ്പ് 2 പ്രമേഹമാണ് ഏറ്റവും സാധാരണമായത്. ഉൽപാദിപ്പിക്കപ്പെടുന്ന ഇൻസുലിൻ ശരിയായ രീതിയിൽ ഉപയോഗിക്കാത്ത അവസ്ഥയാണ് ദീർഘകാലം നീണ്ടുനിൽക്കുന്ന ടൈപ്പ് 2 പ്രമേഹം. പാൻക്രിയാസിലെ ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന കോശങ്ങളെ ശരീരം തെറ്റായി ആക്രമിച്ച് നശിപ്പിക്കുന്ന ഒരു ഓട്ടോഇമ്മ്യൂൺ രോഗമാണ് ടൈപ്പ് 1 പ്രമേഹം.

പ്രമേഹം നേരത്തെ കണ്ടെത്തുകയും നിയന്ത്രിക്കുകയും ചെയ്തില്ലെങ്കിൽ ഹൃദയസ്തംഭനം, വൃക്കരോഗങ്ങൾ, പക്ഷാഘാതം, കാഴ്ചക്കുറവ്, നാഡീ പ്രശ്‌നങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഗുരുതരമായ സങ്കീർണ്ണതകളിലേക്ക് നയിച്ചേക്കാം. ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ, വ്യായാമമില്ലായ്മ, അമിതവണ്ണം, സമ്മർദ്ദം എന്നിവയെല്ലാം പ്രമേഹവ്യാപനത്തിന് കാരണമാകുന്നു. മധുരം, കൊഴുപ്പ്, സംസ്‌കരിച്ച ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുന്നതും ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നതും ശരീരഭാരം നിയന്ത്രിക്കുന്നതുമൊക്കെയാണ് പ്രമേഹത്തെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ.

ശിശുക്കൾ, കൗമാരക്കാർ, മുതിർന്നവർ, പ്രായമായവർ, ഗർഭിണികൾ എന്നിങ്ങനെ ജീവിതത്തിന്റെ ഏത് ഘട്ടത്തിലും പ്രമേഹം പിടിപെടാം. ഓരോ ഘട്ടത്തിലും പ്രമേഹത്തെ തടയുന്നതിനും, കൃത്യമായ ചികിത്സ നൽകുന്നതിനും, സമഗ്രമായ പരിചരണം ഉറപ്പാക്കുന്നതിനുമാണ് ഈ വർഷത്തെ പ്രമേയം ഊന്നൽ നൽകുന്നത്.