Headlines

‘എല്ലാ സ്‌കൂളുകളിലും വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കും’; യോഗി ആദിത്യനാഥ്

സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ‘വന്ദേ മാതരം’ ആലപിക്കുന്നത് നിർബന്ധമാക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. “ദേശീയ ഗീതമായ വന്ദേ മാതരത്തോട് ആദരവ് കാണിക്കണം. ഉത്തർപ്രദേശിലെ എല്ലാ സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഞങ്ങൾ ഇത് നിർബന്ധമാക്കും”- യോഗി ആദിത്യനാഥ് സദസ്സിനെ അഭിസംബോധന ചെയ്ത് പറഞ്ഞു.

ഗോരഖ്പൂരിൽ നടന്ന ‘ഏകതാ യാത്ര’യിലും ‘വന്ദേ മാതരം’ കൂട്ടമായി ആലപിക്കുന്ന പരിപാടിയിലും സംസാരിക്കുമ്പോൾ, രാജ്യത്തോടുള്ള ബഹുമാനവും അഭിമാനബോധവും വളർത്തുന്നതിനായാണ് ഈ നീക്കമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ദേശീയ ഗീതത്തിന്‍റെ 150-ാം വാർഷികം ആഘോഷിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ, വർഷം മുഴുവനും നീണ്ടുനിൽക്കുന്ന അനുസ്മരണം ഉദ്ഘാടനം ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ പ്രഖ്യാപനം. പ്രശസ്ത കവി ബങ്കിം ചന്ദ്ര ചാറ്റർജി 1875 നവംബർ ഏഴിന് അക്ഷയ നവമി ദിനത്തിലാണ് വന്ദേ മാതരം രചിച്ചത്. ചാറ്റർജിയുടെ ‘ആനന്ദമഠം’ എന്ന നോവലിന്റെ ഭാഗമായി ‘ബംഗദർശൻ’ എന്ന സാഹിത്യ ജേണലിൽ ആണ് ഈ ഗീതം ആദ്യമായി പ്രസിദ്ധീകരിച്ചത്.