അമേരിക്ക ഉടൻ തന്നെ ആണവായുധ പരീക്ഷണങ്ങൾ പുനരാരംഭിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . മറ്റ് രാജ്യങ്ങൾ ആണവ പരീക്ഷണങ്ങൾ നടത്തുന്നതിനാൽ യുദ്ധവകുപ്പിന് ഇതിനുള്ള നിർദേശം നൽകിയതായും പ്രക്രിയ ഉടൻ ആരംഭിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ചൈനയുടെ ആണവായുധ ശേഖരം റഷ്യയ്ക്കും അമേരിക്കയ്ക്കും ഒപ്പമാകുമെന്നതിനാലാണ് പരീക്ഷണങ്ങൾ പുനരാരംഭിക്കുന്നതെന്ന് ട്രംപ് പറഞ്ഞു.മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ ആണവായുധങ്ങൾ അമേരിക്കയ്ക്കുണ്ടെന്നും, അത് തന്റെ ആദ്യ ഭരണകാലത്താണ് സാധ്യമായതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ആണവായുധങ്ങളുടെ നാശനശേഷി കാരണം അവയോട് വെറുപ്പുണ്ടായിരുന്നുവെങ്കിലും, അന്താരാഷ്ട്ര സാഹചര്യങ്ങൾ പരിഗണിച്ച് മറ്റ് മാർഗങ്ങളില്ലാതിരുന്നതിനാലാണ് ഈ തീരുമാനം എടുത്തതെന്നും ട്രംപ് വ്യക്തമാക്കി.സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.






