Headlines

കലൂര്‍ സ്റ്റേഡിയം നവീകരണം; ‘സ്‌പോണ്‍സറെ കണ്ടെത്തിയത് സുതാര്യമായ നടപടിയിലൂടെ’; കായികമന്ത്രി

കലൂര്‍ സ്റ്റേഡിയം നവീകരണത്തിന് സ്‌പോണ്‍സറെ കണ്ടെത്തിയത് സുതാര്യമായ നടപടിയിലൂടെയെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാന്‍. കൃത്യമായ സര്‍ക്കാര്‍ ഉത്തരവ് ഇതുമായി ബന്ധപ്പെട്ട് നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് ജിസിഡിഎ ഇന്നലെ പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. ജിസിഡിഎ ചെയര്‍മാന്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. അതില്‍ അവ്യക്തമായിട്ടുള്ളത് ഒന്നുമില്ല – മന്ത്രി വ്യക്തമാക്കി.

അര്‍ജന്റീന ടീമിന്റെ ബന്ധപ്പെട്ട ടെക്‌നിക്കല്‍ ഓഫീസര്‍ വന്നു. പരിശോധന നടത്തി. സംസ്ഥാന സര്‍ക്കാരും പരിശോധിച്ചു. സ്റ്റേഡിയത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ പോരായ്മയുണ്ട്. സുരക്ഷ കാര്യങ്ങളിലും പരിമിതിയുണ്ടായി. വളരെ പെട്ടന്ന് തന്നെ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുമെന്നാണ് കരുതിയത്. അത് പൂര്‍ത്തിയായാല്‍ ഫിഫയുടെ അംഗീകാരം വാങ്ങി കളി നടത്താം – അദ്ദേഹം പറഞ്ഞു.

മെസി ഉള്‍പ്പെട്ട അര്‍ജന്റീന കൊച്ചിയിലായിരിക്കും കളിക്കുക എന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് കലൂര്‍ രാജ്യാന്തര സ്റ്റേഡിയം നവീകരണത്തിന് സ്‌പോണ്‍സര്‍ തുടക്കമിട്ടത്. 70 കോടി രൂപയായിരിക്കും നവീകരണത്തിന് ചിലവഴിക്കുക എന്ന് വ്യക്തമാക്കിയത് സ്‌പോണ്‍സര്‍ തന്നെയാണ്. സ്റ്റേഡിയത്തിനു മുന്നിലെ ഏതാനും മരങ്ങള്‍ വെട്ടിമാറ്റിയതും, കുഴികുത്തിയതും, അരമതില്‍ കെട്ടിയതും, പാര്‍ക്കിങ് ഏരിയയില്‍ മെറ്റല്‍ നിരത്തിയതുമാണ് രണ്ടാഴ്ച കൊണ്ടുണ്ടായ നവീകരണം. മെസ്സി വരില്ലെന്ന അറിയിച്ചതോടെ സ്റ്റേഡിയത്തിന്റെ ഭാവിയാണ് ചോദ്യചിഹ്നമായി ഉയരുന്നത്. സ്റ്റേഡിയം നവീകരണത്തിനായുള്ള മാസ്റ്റര്‍ പ്ലാനോ, കരാര്‍ വ്യവസ്ഥ എന്താണെന്ന് ഇതുവരെ വ്യക്തമല്ല. സ്‌പോണ്‍സര്‍ക്കും സര്‍ക്കാറിനും മിണ്ടാട്ടമില്ല. സ്റ്റേഡിയം നവീകരണ വിവാദത്തില്‍ സ്റ്റേഡിയം ജിസിഡിഎയോട് ചോദ്യങ്ങളുമായി ഹൈബി ഈഡന്‍ എംപി രംഗത്തെത്തിയിരുന്നു.