പിഎം ശ്രീ വിവാദം: ‘ധാരണാപത്രം മരവിപ്പിക്കാതെ വിട്ടുവീഴ്ചയ്ക്കില്ല’; ഡി രാജ

പിഎം ശ്രീയുടെ ധാരണാപത്രം മരവിപ്പിക്കാതെ വിട്ടുവീഴ്ചയ്ക്കില്ലെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. പാർട്ടി സംസ്ഥാന നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനോട് ഇക്കാര്യം ആവശ്യപ്പെട്ടതായി സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു. തുടക്കം മുതലേ സിപിഐ ഈ പദ്ധതിയെ എതിർക്കുന്നുണ്ട്. പദ്ധതിയെ അം​ഗീകരിക്കണമെന്ന ഒരു സമ്മ​ർദത്തിനും വഴങ്ങില്ലെന്ന് ഡി രാജ വ്യക്തമാക്കി.

പിഎം ശ്രീ പദ്ധതി ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാ​ഗമാണ്. അതുകൊണ്ട് സിപിഐ എതിർപ്പ് വ്യക്തമാക്കി. ഇക്കാര്യം സെക്രട്ടറിയേറ്റിലും എക്സിക്യൂട്ടീവ് കമ്മിറ്റിയിലും ചർച്ച ചെയ്തു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും സിപിഐയുടെ നിലപാട് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു. ധാരണാപത്രം മരവിപ്പിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്നും ചർച്ചകൾ തുടരുമെന്നും ഡി രാജ പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാര്‍ സിപിഐയുടെ നിലപാട് മനസിലാക്കണം. എംഒയു മരവിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കണമെന്ന് ഡി രാജ ആവശ്യപ്പെട്ടു. മന്ത്രിസഭയിൽ നിന്ന് വിട്ട് നിൽക്കുന്ന കാര്യം പാർട്ടി ചർച്ച ചെയ്തു തീരുമാനിക്കും. തമിഴ്നാട് സർക്കാർ കോടതിയിൽ പോയല്ലോ. എന്ത് കൊണ്ട് കേരളം പോയില്ല എന്ന് അദേഹം ചോദിച്ചു.