പി എം ശ്രീ വിഷയത്തില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിട്ടും പ്രശ്നപരിഹാരമുണ്ടായില്ലെന്ന് സ്ഥിരീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ചര്‍ച്ച വളരെ സൗഹാര്‍ദപരമായിരുന്നെങ്കിലും തങ്ങള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടായിട്ടില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. വിഷയത്തിന് പരിഹാരം ചര്‍ച്ചയില്‍ രൂപപ്പെടാത്തതിനാല്‍ തങ്ങളുടെ പ്രശ്നം ഇപ്പോഴും ബാക്കിയാണ്. എല്ലാ തുടര്‍ നടപടികളും യഥാസമയം സിപിഐ നേതൃത്വം മാധ്യമങ്ങളെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്കരിക്കുമോ എന്ന ചോദ്യത്തിന് പിന്നീട് അറിയിക്കാമെന്ന മറുപടിയാണ് ബിനോയ് വിശ്വം നല്‍കുന്നത്. നാളെ വീണ്ടും ചര്‍ച്ചയുണ്ടാകുമോ എന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ നിലവില്‍ അത്തരമൊരു ചര്‍ച്ച തീരുമാനിച്ചിട്ടില്ലെന്ന് ബിനോയ് വിശ്വം ഉത്തരം പറഞ്ഞു. ശക്തമായ നേതൃത്വം പാര്‍ട്ടിക്കുണ്ടെന്നും തീരുമാനങ്ങള്‍ യഥാസമയം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഷയം എല്‍ ഡി എഫ് ചര്‍ച്ച ചെയ്യുമെന്ന സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബിയുടെ ഉറപ്പ് പോലും പരിഗണിക്കാതെ ഏകപക്ഷീയമായി ധാരണാ പത്രത്തില്‍ ഒപ്പിട്ടത് അംഗീകരിക്കാനാകില്ലെന്നാണ് സി പി ഐയിലെ പൊതുവികാരം. മുന്നണി മര്യാദ ലംഘിച്ചത് ആയുധ മാക്കിയുള്ള പോരിനാണ് പാര്‍ട്ടി തയ്യാറെടുക്കുന്നത്. ഇടത് പാര്‍ട്ടികളുട കെട്ടുറപ്പിനെ തകര്‍ക്കുന്ന നടപടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും അറിയിക്കും.







