Headlines

പി എം ശ്രീ വിവാദം; ‘ഉന്നയിച്ച ചോദ്യങ്ങളിൽ ബേബിക്ക്‌ മൗനം; തുടർനീക്കം സ്റ്റേറ്റ് എക്സിക്യൂട്ടീവിൽ തീരുമാനിക്കും’; കെ പ്രകാശ് ബാബു

സിപിഐഎം ദേശീയ നേതൃത്വം കയ്യൊഴിഞ്ഞതോടെ പി എം ശ്രീ വിവാദത്തിൽ കടുത്ത നിലപാട് സ്വീകരിക്കേണ്ടി വരുമെന്ന വിലയിരുത്തലിൽ സിപിഐ. എന്ത് നിലപാട് സ്വീകരിക്കണമെന്നത് നാളെ സിപിഐ സ്റ്റേറ്റ് എക്സിക്യൂട്ടീവിൽ തീരുമാനിക്കുമെന്ന് ദേശിയ സെക്രട്ടറിയേറ്റ് അംഗം കെ പ്രകാശ് ബാബു പറഞ്ഞു. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ഉന്നയിച്ച ചോദ്യങ്ങളിൽ എല്ലാം സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബിക്ക് മൗനമായിരുന്നുവെന്നും കെ പ്രകാശ് ബാബു ആരോപിച്ചു.

എൻഇപി നടത്താനുള്ള കേന്ദ്ര ഉപാധിയാണ് പിഎം ശ്രീയെന്നും പ്രകാശ് ബാബു പറഞ്ഞു. സംസ്ഥാനം എന്തുകൊണ്ട് നിയമ പോരാട്ടം നടത്തുന്നില്ല എന്നതടക്കം നിരവധി ചോദ്യങ്ങൾ ഉന്നയിച്ചുവെന്നും കെ പ്രകാശ് ബാബു പറഞ്ഞു. ഡി രാജ ഭക്ഷണം പോലും കഴിക്കാതെയാണ് എം എ ബേബിയെ കണ്ടത്. എംഎ ബേബിയുടെ മൗനം തന്നിൽ വിഷമം ഉണ്ടാക്കി എന്നും പ്രകാശ് ബാബു പറഞ്ഞു.

കേരളത്തിലെ സ്കൂളുകൾ എല്ലാം മികച്ച നിലയിലാണ്. അതുകൊണ്ട് അടിസ്ഥാന വികസനത്തിന്റെ കാര്യം പറഞ്ഞിട്ട് കാര്യമില്ലെന്ന് അദേഹം പറഞ്ഞു. സിപിഐ-സിപിഐഎം പാർട്ടികളുടെ ഒരുമിച്ചുള്ള നിലപാടാണ്. ഈ നിലപാടിൽ മാറ്റം വന്നത് സംബന്ധിതച്ച് വളരെ കൃത്യമായി എംഎ ബേബിയെ ബോധ്യപ്പെടുത്തി. കേരളത്തിലെ പാർട്ടിയോടും സർക്കാരിനോട് തീരുമാനം പുനഃപരിശോധിക്കാൻ കഴിയുമോ എന്നും ഇതിന് വേണ്ടി ആലോചന നടത്താൻ കഴിയുമോ എന്നും എംഎബേബിയോട് ചോദിച്ചതായി കെ പ്രകാശ് ബാബു പറഞ്ഞു. എന്നാൽ എംഎ ബേബിയുടെ മറുപടിയെല്ലാം മൗനമായിരുന്നുവെന്ന് അദേഹം പറഞ്ഞു.