Headlines

ശബരിമല സ്വർണക്കൊള്ള: ഗോവർധനെ സാക്ഷിയാക്കുന്നതിൽ നിയമ ഉപദേശം തേടി SIT

ശബരിമല സ്വർണക്കൊള്ളയിൽ സ്വർണ വ്യാപാരി ഗോവർധനെ സാക്ഷിയാക്കുന്നതിൽ നിയമ ഉപദേശം തേടി എസ്ഐടി. ബെല്ലാരിയിലെ ഗോവർദ്ധന്റെ ജ്വല്ലറിയിൽ നിന്നാണ് 400 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തത്. ഇത് ദ്വാരപാലക ശില്പങ്ങളിൽ നിന്ന് കവർന്നതാണെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി.

അതിനിടെ ദേവസ്വം ബോർഡ് മുൻ ജീവനക്കാരിൽ നിന്ന് പ്രത്യേക അന്വേഷണസംഘം മൊഴിയെടുത്തു. സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്നവരുടെയും മരാമത്ത് വകുപ്പിലെയും ഉദ്യോഗസ്ഥരുടേയും മൊഴിയാണ് രേഖപ്പെടുത്തിയത്. മഹസറിൽ ഒപ്പുവെക്കുമ്പോൾ ബോർഡ് അംഗങ്ങൾ, ഉദ്യോഗസ്ഥർ ആരൊക്കെ ഉണ്ടായിരുന്നുവെന്ന വിവരം തേടി. ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥരെ കുറിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

അതേസമയം ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി എസ്ഐടിയുടെ തെളിവെടുപ്പ് തുടരുന്നു. പോറ്റിയുടെ ബെംഗളുരുവിലെ ഭൂമി, റിയൽ എസ്റ്റേറ്റ് വിവരങ്ങൾ എസ്ഐടി പരിശോധിച്ചു. ഇന്നലെ ഫ്ലാറ്റിൽ നടന്ന പരിശോധനയിൽ ഭൂമി ഇടപാടുകളുടെ രേഖകൾ കണ്ടെടുത്തു. കേസിൽ കർണാടക ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധനെയും ,സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയെയും സാക്ഷികളാക്കിയേക്കും.