വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഫോണിലൂടെ അസഭ്യം പറഞ്ഞു; കുലശേഖരപുരം സ്വദേശി പിടിയില്‍

വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഫോണിലൂടെ അസഭ്യം പറഞ്ഞയാള്‍ പിടിയില്‍. കൊല്ലം കുലശേഖരപുരം സ്വദേശി ബിനു കുമാറാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം.

ബിനുകുമാറിന്റെ ഭാര്യ വാദിയായ ഒരു കേസില്‍ കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് പൊലീസ് ഉദ്യോഗസ്ഥയെ ഇയാള്‍ തുടര്‍ച്ചയായി ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞത്. സഹികെട്ടതോടെയാണ് പൊലീസുകാരി പരാതി നല്‍കിയത്. അന്വേഷണത്തിനൊടുവില്‍ ബിനുകുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തന്റെ ഭാര്യ വാദിയായ കേസില്‍ എന്തുകൊണ്ടാണ് കോടതി ജാമ്യം നല്‍കിയത് എന്നാണ് ഇയാളുടെ ചോദ്യം. അതുകൊണ്ടാണ് അസഭ്യം പറഞ്ഞതെന്നും ഇയാള്‍ പറഞ്ഞു.