സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിൽ കോഴിക്കോട് രാമനാട്ടുകരയിൽ വീട്ടമ്മയ്ക്ക് ജീവൻ നഷ്ടമായി. പള്ളിക്കൽ സ്വദേശി തസ്ലീമയാണ് മരിച്ചത്. രാമനാട്ടുകര പെട്രോൾ പമ്പിന് സമീപമാണ് അപകടം ഉണ്ടായത്. ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന തസ്ലീമ ബസ്സുകളുടെ മത്സരയോട്ടത്തിനിടെ സ്കൂട്ടറിൽ നിന്ന് റോഡിൽ തെറിച്ചുവീഴുകയായിരുന്നു. റോഡിൽ വീണ തസ്ലീമയുടെ ശരീരത്തിലേക്ക് ഇടിച്ച അതേ ബസ്സിൻ്റെ ടയർ കയറിയിറങ്ങി. കോഴിക്കോടു നിന്ന് മഞ്ചേരിയിലേക്ക് പോകുകയായിരുന്ന ടിപിഎസ്സ് ബസ്സാണ് ഇടിച്ചത്. ഈ ബസിൻ്റെ പിൻവശത്തെ ടയറാണ് ശരീരത്തിൽ കയറിയത്.
പേരാമ്പ്ര കുറ്റ്യാടി റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തെ തുടർന്നായിരുന്നു മനുഷ്യാവകാശ കമ്മീഷനും സർക്കാരും ഈ വിഷയത്തിൽ ഇടപെട്ടത്. പക്ഷെ അതിലൊന്നും യാതൊരു കുലുക്കവും ഇല്ലാതെയാണ് സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം. ഇതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് തസ്ലിമ എന്ന വീട്ടമ്മയ്ക്ക് ജീവൻ നഷ്ടമായ സംഭവം.ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് രാമനാട്ടുകര പെട്രോൾ പമ്പിന് സമീപം വെച്ചാണ് അപകടം. അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം, താമരശ്ശേരിയിൽ അമിത വേഗതയിൽ മറികടക്കാൻ ശ്രമിച്ച സ്വകാര്യ ബസ്സുകണ്ട് KSRTC സൂപ്പർഫാസ്റ്റ് ബ്രേക്ക് ചവിട്ടിയതിനെത്തുടർന്ന് ഡോറിന് അടുത്തേക്ക് തെറിച്ചു വീണ യാത്രക്കാരിക്ക് പരുക്കേറ്റു. കോഴിക്കോട് നിന്നും പിന്തുടരുന്ന ഗരുഡ എന്ന സ്വകാര്യ ബസ്സ് പലസ്ഥലങ്ങളിൽ നിന്നും മറികടക്കാൻ നോക്കി അപകടസാഹചര്യം സൃഷ്ടിച്ചതായി കെഎസ്ആർടിസിയിലെ യാത്രക്കാർ പറയുന്നു.
കൊടുവള്ളിയിൽ നിന്നും ബത്തേരിയിലേക്ക് പോവുകയായിരുന്ന സൗമിനിക്കാണ് പരുക്കേറ്റത്.ബസ്സിന്റെ ഡോർ അടഞ്ഞു കിടന്നതിനാൽ പുറത്തേക്ക് വീഴാതെ ഇവർ രക്ഷപ്പെട്ടു.തലയ്ക്കും കാലിനും പരുക്കേറ്റ സൗമിനിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.