Headlines

മൊസാബിക്കിലെ കപ്പൽ അപകടം; കാണാതായ കൊല്ലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

മൊസാബിക്കിലെ ബെയ്‌റ തുറഖമുഖത്തുണ്ടായ കപ്പല്‍ അപകടത്തെ തുടര്‍ന്ന് കണ്ടെത്തിയ മൃതശരീരം തിരിച്ചറിഞ്ഞു. അപകടത്തില്‍ കാണാതായ കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റേതാണ് തിരിച്ചറിഞ്ഞ മൃതദേഹമെന്ന് ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ബെയ്റ തുറമുഖത്ത് കപ്പൽ അപകടത്തിൽപ്പെട്ടത്. ഇതിൽ കാണാതായ 2 മലയാളികൾക്ക് വേണ്ടി തിരച്ചിൽ തുടരുന്നതിനിടെയാണ് ഒരു മൃതദേഹം കണ്ടെത്തിയത്.

തിരച്ചിലില്‍ കണ്ടെത്തിയ മൃതദേഹത്തിലെ വസ്ത്രങ്ങള്‍ അപകടത്തില്‍ രക്ഷപെട്ടവര്‍ തിരിച്ചറിയുകയും അത് ഇലക്ട്രോ ടെക്‌നിക്കല്‍ ഓഫീസറായ ശ്രീരാഗ് രാധാകൃഷ്ണന്റേതാണെന്ന് സ്ഥിരീകരണം നടത്തിയിട്ടുള്ളതായും ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ അധികൃതര്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി യെ അറിയിച്ചു. മൃതശരീരം തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് അയയ്ക്കുവാന്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.

നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി ഷിപ്പിംഗ് ഡയറക്ടറേറ്റിന്റെ ചിലവില്‍ തന്നെ നാട്ടിലേക്ക് അയയ്ക്കുവാനുള്ള നടപടി സ്വീകരിക്കുമെന്നും കുടുംബത്തിന് ആശ്വാസധനസഹായം അടിയന്തിരമായി വിതരണം ചെയ്യുമെന്നും എം.പി യുടെ ആവശ്യത്തെ തുടര്‍ന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ശ്രീരാഗ് രാധാകൃഷ്ണന്റെ പേരിലുള്ള ഇന്‍ഷുറന്‍സ് സംബന്ധിച്ച നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി എത്രയും പെട്ടെന്ന് കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുവാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ അധികാരികളോട് ആവശ്യപ്പെട്ടു.

അതേസമയം, അപകടത്തിൽ കാണാതായ എറണാകുളം പിറവം സ്വദേശി ഇന്ദ്രജിത്തിന്റെ കുടുംബം ആശങ്കയിലാണ്. സാങ്കേതികവിദ്യയുടെ കുറവ് രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയാകുന്നുണ്ടെന്നും, ഇന്ത്യൻ നേവി കൂടി തിരച്ചിലിൽ പങ്കാളിയാകണമെന്നും കുടുംബം ആവശ്യപ്പെട്ടു.