Headlines

‘പൊറോട്ടയും ബീഫും നിലപാടിൽ ഉറച്ചുനിൽക്കുന്നു’; വിവാദ പ്രസ്താവനയിൽ ഉറച്ച് എൻ കെ പ്രേമചന്ദ്രൻ

ശബരിമല യുവതീ പ്രവേശനത്തിലെ വിവാദ പ്രസ്താവനയിൽ ഉറച്ച് എൻ കെ പ്രേമചന്ദ്രൻ എംപി. മല ചവിട്ടാൻ എത്തും മുൻപ് ബിന്ദു അമ്മിണിക്കും കനകദുർഗയ്ക്കും പൊലീസ് പൊറോട്ടയും ബീഫും വാങ്ങി നൽകിയെന്ന പരാമർശം പ്രേമചന്ദ്രൻ ആവർത്തിച്ചു. ആധികാരികമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരാമർശമെന്ന് വിശദീകരണം.

പന്തളത്ത് യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനത്തിലായിരുന്നു എൻ കെ പ്രേമചന്ദ്രന്റെ വിവാദ പരാമർശം. ബിന്ദു അമ്മിണിയും രഹനാ ഫാത്തിമയും ഉൾപ്പെടെയുള്ളവരെ മല ചവിട്ടാനെത്തിച്ചത് പൊറോട്ടയും ബീഫും വാങ്ങി നൽകിയ ശേഷമായിരുന്നു. ആരും കാണാതെ പൊലീസ് വാനിൽ കിടത്തി കൊണ്ടുവന്നാണ് പമ്പയിൽ എത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ആഭ്യന്തര വകുപ്പാണ് ഇതിന് നേതൃത്വം നൽകിയതെന്നാണ് അദ്ദേഹം പറഞ്ഞത്.

പ്രസംഗത്തിനെതിരെ ഇടത് സൈബർ ഹാൻഡിലുകളിൽ വലിയ വിമർശനവും പ്രതിഷേധവും ഉയർന്നു. ഇതോടെയാണ് പരാമർശം ആവർത്തിച്ച് വിശദീകരണവുമായി എൻ കെ പ്രേമചന്ദ്രൻ രംഗത്തെത്തിയത്. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തന്റെ പരാമർശമെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. വൻ രാഷ്ട്രീയ വിവാദത്തിന് വഴിവെക്കുകയാണ് എൻ കെ പ്രേമചന്ദ്രന്റെ പ്രതികരണം.