കോഴിക്കോട് രണ്ട് ഡിവൈഎസ്പിമാർക്ക് സ്ഥലം മാറ്റം. വടകര ഡിവൈഎസ്പി ഹരിപ്രസാദിനെയും
പേരാമ്പ്ര ഡിവൈസ്പി സുനില്‍ കുമാറിനെയുമാണ് സ്ഥലം മാറ്റിയത്. പേരാമ്പ്രയില്‍ വെച്ച് ഷാഫി പറമ്പിലിന് മര്‍ദനമേറ്റതില്‍ ഇരുവര്‍ക്കുമെതിരെ ആക്ഷേപമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലം മാറ്റമുള്ള ലിസ്റ്റില്‍ ഇരുവരുടെയും പേരുകള്‍ കൂടി ഉള്‍പ്പെട്ടിരിക്കുന്നത്.
എന്നാൽ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലുള്ള സ്ഥലംമാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണം. ഹരിപ്രസാദിനെ കോഴിക്കോട് നോര്‍ത്തിലേക്കും സുനില്‍ കുമാറിനെ കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ചിലേക്കുമാണ് മാറ്റിയത്.
യുഡിഎഫ് പ്രതിഷേധപ്രകടനം പേരാമ്പ്ര ടൗണില്‍ പൊലീസ് തടഞ്ഞപ്പോഴാണ് സംഘര്‍ഷമുണ്ടായത്. ഷാഫി പറമ്പിലിനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് 700-ഓളം പേര്‍ക്കെതിരേ ആദ്യം കേസെടുത്തത്. ഇതിന്റെ അന്വേഷണത്തില്‍ ലഭിച്ച വിഡീയോദൃശ്യത്തിന്റെ അടിസ്ഥാനത്തിലെന്ന് പറഞ്ഞ് പോലീസിനെതിരേ സ്ഫോടകവസ്തു എറിഞ്ഞുവെന്നതിന്റെപേരില്‍ പിന്നീട് ഒരു കേസുകൂടി എടുത്തിരുന്നു. സംഘര്‍ഷത്തിനിടയില്‍ ഷാഫി പറമ്പില്‍ എംപിക്ക് ലാത്തിയടിയേറ്റത് വലിയചര്‍ച്ചയ്ക്കും വിവാദത്തിനും വഴിവെച്ചിരുന്നു
ഇതിനിടെ പോലീസിന്റെ ഭാഗത്ത് നിന്നാണ് സ്‌ഫോടക വസ്തു എറിഞ്ഞതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ദൃശ്യങ്ങള്‍ പുറത്ത് വിട്ടു. ടിയര്‍ഗ്യാസിനൊപ്പം പോലീസ് ഗ്രനേഡും ഉപയോഗിച്ചു. ഇതിനിടയില്‍ സ്‌ഫോടക വസ്തു എറിഞ്ഞെന്നുമാണ് ആരോപണം.