Headlines

ഹിജാബ് വിവാദം: രണ്ട് കുട്ടികള്‍ കൂടി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ വിടുന്നു; മാനേജ്‌മെന്റിന്റെ നിലപാട് വേദനിപ്പിച്ചെന്ന് കുട്ടികളുടെ മാതാവ്

ഹിജാബ് വിലക്കില്‍ വിവാദമുയര്‍ന്നതിന് പിന്നാലെ രണ്ടു കുട്ടികള്‍ കൂടി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ വിടുന്നു. ടി സിക്ക് അപേക്ഷ നല്‍കി.പള്ളുരുത്തി സെന്റ് റീത്താസില്‍ രണ്ടിലും മൂന്നിലും പഠിക്കുന്ന സഹോദരിമാരാണ് സ്‌കൂള്‍ വിടുന്നത്. ടി സിക്കായി വെള്ളിയാഴ്ച അപേക്ഷ നല്‍കി. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് പിന്തുണ പ്രഖ്യാപിച്ചാണ് കുടുംബത്തിന്റെ തീരുമാനം.

തോപ്പുംപടിയിലെ ഔവര്‍ ലേഡീസ് കോണ്‍വെന്റ് സ്‌കൂളിലാണ് കുട്ടികളെ ചേര്‍ക്കുക. ശിരോവസ്ത്ര വിവാദത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റും , പിടിഎ പ്രസിഡണ്ടും സ്വീകരിച്ച നിലപാടും പരാമര്‍ശവും ഏറെ വേദനിപ്പിച്ചുവെന്നും, സെന്റ് റീത്താസിലെ സാമൂഹ്യ അന്തരീക്ഷം ആശങ്ക ഉണ്ടാക്കുന്നുവെന്നും കുട്ടിയുടെ മാതാവ് ജസ്‌ന പറഞ്ഞു. ബുധനാഴ്ച ടി സി ലഭിക്കുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.

അതേസമയം എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഉടന്‍ സ്‌കൂള്‍ മാറ്റില്ലെന്ന് കുടുംബം വ്യക്തമാക്കി. ഹൈക്കോടതിയില്‍ സ്‌കൂള്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷിചേര്‍ത്ത സാഹചര്യത്തില്‍ കോടതി നിലപാട് അറിഞ്ഞശേഷം ആകും തുടര്‍ തീരുമാനമെന്ന് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കുടുംബം വ്യക്തമാക്കി. കോടതിവിധി അനുകൂലമായി സ്‌കൂള്‍ അംഗീകരിക്കുകയാണെങ്കില്‍ പഠനം സെന്റ് റീത്താസില്‍ തന്നെ തുടരാനാണ് നിലവില്‍ എട്ടാം ക്ലാസുകാരിയുടെ കുടുംബം ആലോചിക്കുന്നത്.