കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ശിരോവസ്ത്രവിവാദത്തില്‍ പള്ളുരുത്തി പൊലീസില്‍ പരാതി. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ജോഷിക്കെതിരെയാണ് പരാതി. ജോഷി സമൂഹത്തില്‍ മതസ്പര്‍ദയുണ്ടക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. ജമീര്‍ എന്നയാളാണ് പരാതി നല്‍കിയത്. വിദ്യാഭ്യാസ വകുപ്പിനും പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം, കുട്ടിക്ക് താത്പര്യമുണ്ടെങ്കില്‍ കേരളത്തിലെ ഏത് സ്‌കൂളിലും പ്രത്യേക ഉത്തരവ് വാങ്ങിച്ച് അഡ്മിഷന്‍ നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇന്ന് പറഞ്ഞു. കുട്ടിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ അതിനുത്തരവാദി സ്‌കൂള്‍ മാനേജ്‌മെന്റെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ ഹനിക്കാന്‍ ഒരു സ്‌കൂളിനെയും അനുവദിക്കില്ലെന്നും ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ഥിനിയെ ക്ലാസില്‍ നിന്ന് മാറ്റി നിര്‍ത്തിയ സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹവും കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിന് ചേരാത്തതുമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു കുട്ടിയെ വിദ്യാലയത്തില്‍ നിന്ന് അകറ്റി നിര്‍ത്തുക എന്നത് സംസ്ഥാനം നേടിയെടുത്ത വിദ്യാഭ്യാസ നേട്ടങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കലാണ്. സര്‍ക്കാര്‍ ഈ വിഷയത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി നേരത്തെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
സര്‍ക്കാര്‍ വിദ്യാര്‍ഥിയെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. ശിവന്‍കുട്ടി വ്യക്തിപരമായി നല്ല പ്രസ്താവന നടത്തി. പക്ഷെ അത് വന്നുപതിച്ചത് ഒരു വിദ്യാര്‍ത്ഥിയുടെ പഠനം മുടങ്ങുന്നതിലാണെന്നും ഇത്തരം വിഭാഗീയ പ്രവര്‍ത്തനം വിജയിക്കാന്‍ പാടില്ലാത്തതാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.