ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി എസ്എഫ്ഐ. മതനിരപേക്ഷ വിദ്യാഭ്യാസത്തിൻ്റെ ലോക മാതൃകയായ കേരളത്തിൽ നിർബന്ധമായും ഒഴിവാക്കേണ്ട ഈ വിഷയത്തെ പിടിവാശി കൊണ്ട് അനാവശ്യ വിവാദമാക്കിയതിന് സെൻ്റ് റീത്ത പബ്ലിക്ക് സ്കൂൾ പ്രിൻസിപ്പാളിനോട് നന്ദിയുണ്ടെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് ഫേസ്ബുക്കിൽ കുറിച്ചു.
ഛത്തീസ്ഗഢിൽ തിരുവസ്ത്രം ധരിച്ച കന്യാസ്ത്രീകളെ അക്രമിക്കുമ്പോൾ അവർ ധരിച്ചിരുന്ന വസ്ത്രം കൂടിയായിരുന്നു സംഘപരിവാരിൻ്റെ പ്രശ്നമെന്ന് മറന്നു പോകരുത്. സംഘപരിവാരം ചുട്ടെരിച്ചു കളഞ്ഞ ഗ്രഹാം സ്റ്റെയിൻ എന്ന മിഷനറിയെ മറന്നു പോകരുതെന്നും ശിവപ്രസാദ് കുറിച്ചു.
മതവിശ്വാസവും വസ്ത്രവും അക്രമിക്കപ്പെടാനുള്ള കാരണമാകുന്ന വർഗീയ വാദികൾ ഭരിക്കുന്ന വർത്തമാനകാല ഇന്ത്യയെക്കുറിച്ചും മറന്നു പോകരുത്. എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതാണ് ജനാധിപത്യമെന്നും മറന്നു പോകരുത്. ഇതെല്ലാം ഓർമ്മയിൽ ഉണ്ടാവാൻ കൂടി പ്രാർത്ഥിക്കുന്നത് നന്നാവുമെന്നും എസ്എഫ്ഐ നേതാവ് വ്യക്തമാക്കി.