Headlines

അവഗണിക്കപ്പെടുന്നെന്ന തോന്നല്‍ ജി സുധാകരനുണ്ട്; അത് ഉത്തരവാദിത്തപ്പെട്ടവര്‍ പരിശോധിക്കണം; എ കെ ബാലന്‍

അവഗണിക്കപ്പെടുന്നെന്ന തോന്നല്‍ ജി സുധാകരനുണ്ടെന്നും അത് ബന്ധപ്പെട്ടവര്‍ പരിശോധിക്കണമെന്നും എ കെ ബാലന്‍. വിമര്‍ശനം ഉന്നയിക്കുമ്പോള്‍, ജി സുധാകരനും പാര്‍ട്ടി അച്ചടക്കം പാലിക്കണമെന്നും എ കെ ബാലന്‍ പറഞ്ഞു.

ജി സുധാകരന്റെ എല്ലാ ഗുണങ്ങളെ സംബന്ധിച്ചും നല്ല ഭാഷയിലാണ് ഏഴുതിയത്. തെറ്റായ യാതൊരു പരാമര്‍ശവും അദ്ദേഹത്തിനെതിരെയില്ല. എസ്എഫ്‌ഐയിലുള്ള സമയത്ത് അദ്ദേഹത്തിന്റെ സംഘടനാ തലത്തിലുള്ള കഴിവും ബൗദ്ധിക തലത്തിലുള്ള കഴിവും തിരിച്ചറിഞ്ഞയാളാണ് ഞാന്‍. അദ്ദേഹത്തിന് ഉള്ളൊരു പ്രശ്‌നമുണ്ട്. അത് പരിശോധിക്കപ്പെടേണ്ടതാണ്. അവഗണിക്കപ്പെടുന്നു എന്ന ഒരു ധാരണ അദ്ദേഹത്തിന് ഉണ്ട്. അതില്‍ എത്രത്തോളം വസ്തുതയുണ്ടെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ പരിശോധിക്കണം. അവഗണിക്കപ്പെടുന്നു എന്നുള്ളൊരു മാനസികാവസ്ഥയില്‍ നിന്നുകൊണ്ട് അദ്ദേഹം സംസാരിക്കുമ്പോള്‍ പാര്‍ട്ടിയുടേതായ അന്തസിന് നിരക്കാത്ത, അച്ചടക്കത്തിന് നിരക്കാത്തരീതിയില്‍ പോകാന്‍ പാടില്ല. എന്ത് സാഹചര്യമുണ്ടായാലും നമ്മള്‍ അതിന് വിടാന്‍ പാടില്ല. അദ്ദേഹത്തില്‍ നിന്നാണ് പുതിയ തലമുറ പലതും പഠിച്ചത്. ആ അര്‍ഥത്തില്‍ അദ്ദേഹം ഒരു അധ്യാപകനാണ്. പാഠമാകേണ്ട ഒരാളില്‍ നിന്ന് വഴിവിട്ടു പോകുന്നു എന്ന തോതന്നല്‍ ഉണ്ടാക്കാന്‍ പാടില്ല. രണ്ട് ഭാഗവും ശ്രദ്ധിക്കേണ്ടതുണ്ട് – അദ്ദേഹം പറഞ്ഞു.

എന്നാല്‍, എ കെ ബാലനെ രൂക്ഷമായാണ് ജി സുധാകരന്‍ വിമര്‍ശിച്ചത്. ഞാന്‍ എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോള്‍ ബ്രണ്ണന്‍ കോളജിലെ ഒരു യൂണിറ്റ് നേതാവായിരുന്ന പ്രതിനിധിയായി എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത ആളാണ് എ കെ ബാലന്‍. 72ലോ മറ്റോ നടന്ന എസ്എഫ്ഐയുടെ സംസ്ഥാന സമ്മേളനത്തിലെ കാര്യങ്ങളാണ് അദ്ദേഹം ഇപ്പോഴും പറയുന്നത്. സംസ്ഥാന കമ്മറ്റിയില്‍ നിന്ന് മാറ്റി എന്നല്ല, എടുത്തില്ല എന്ന് പറയണം. തെറ്റായ വിമര്‍ശനം നടത്തിയത് കൊണ്ട് അന്നത്തെ സിഎച്ച് കണാരന്‍ കൂടി വന്നിരുന്നിട്ടാണ് ബാലനെ എടുക്കുന്നില്ല എന്ന് തീരുമാനിച്ചത്. പിന്നെ അദ്ദേഹം സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റുമൊക്കെയായില്ലെ. ഞാന്‍ ആ പോസ്റ്റര്‍ ഒന്നും എഴുതുന്നില്ലല്ല. ആലപ്പുഴയില്‍ നടക്കുന്ന നികൃഷ്ടവും മ്ലേച്ഛവും മാര്‍ക്സിസ്റ്റ് വിരുദ്ധവുമായ പൊളിറ്റിക്കല്‍ ക്രിമിനല്‍സിന്റെ ആക്രമണത്തിനെതിരെ ഒരക്ഷരം പറഞ്ഞിട്ടില്ല. ഞാന്‍ മാറിയിട്ടില്ല. മാറത്തുമില്ല. അന്നത്തെ പോലെ തന്നെ ലളിത ജീവിതം നയിക്കുന്നു. രാഷ്ട്രീയത്തിലൂടെ പൈസയൊന്നുമുണ്ടാക്കിയിട്ടില്ല. ബാലന്‍ മാറിയെന്നാണ് അദ്ദേഹം പറയുന്നത്. ബാലന്‍ മാറിക്കോളു. എനിക്ക് ബാലനെപ്പോലെ മാറാന്‍ പറ്റില്ല. ബാലന്‍ എന്നെപ്പറ്റി പറയേണ്ട കാര്യമില്ല. ഞാന്‍ ഇന്നേ വരെ ഒരു പ്രസ്താവനയിലും ബാലനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. സൈബര്‍ ആക്രമണതത്തെ കുറിച്ച് പ്രതികരിക്കാതെ എന്നെ എതിര്‍ക്കുന്നത് എന്തിനാണ് – അദ്ദേഹം പറഞ്ഞു.