രഞ്ജി ട്രോഫിയുടെ പുതിയ സീസണിന് ഇന്ന് തുടക്കമാകും. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കേരളവും മഹാരാഷ്ട്രയും തമ്മിൽ ഏറ്റുമുട്ടും. കഴിഞ്ഞ തവണ ഫൈനലിലെത്തി ചരിത്രം സൃഷ്ടിച്ച കേരളം ഇത്തവണ കിരീടം മോഹിച്ചാണ് കളത്തിലിറങ്ങുന്നത്.
മുഹമ്മദ് അസറുദ്ദീൻ നയിക്കുന്ന കേരള ടീമിൽ ഇന്ത്യൻ താരം സഞ്ജു സാംസണുമുണ്ട്. കഴിഞ്ഞ തവണ കിരീടം കൈവിട്ടെങ്കിലും ഒരു മത്സരം പോലും കേരളം തോറ്റിരുന്നില്ല. എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് ഇത്തവണ കേരളം. പഞ്ചാബ്, മധ്യപ്രദേശ്, കർണാടക, സൗരാഷ്ട്ര, ഛണ്ഡീഗഡ്, മഹാരാഷ്ട്ര, ഗോവ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. സഞ്ജു, അസറുദ്ദീൻ എന്നിവർക്കൊപ്പം സച്ചിൻ ബേബി, സൽമാൻ നിസാർ, രോഹൻ കുന്നുമ്മൽ തുടങ്ങിയവരും ബാറ്റിംഗിൽ പ്രതീക്ഷ നൽകുന്നു. നിതീഷ് എംഡി, ബേസിൽ എൻ.പി ഏതൻ ആപ്പിൾ ടോം എന്നിവർ ചേർന്ന് നയിക്കുന്ന ബൗളിംഗ് നിരയും ശക്തം. അങ്കിത് ബാവ്ന നയിക്കുന്ന മഹാരാഷ്ട്ര ടീമും കരുത്തരാണ്. പ്രതീക്ഷയും പൃഥ്വി ഷായും റിതുരാജ് ഗെയ്ക്ക് വാദും ഉൾപ്പെടെയുള്ളവരാണ് മഹാരാഷ്ട്രയുടെ കരുത്ത്.