ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം കൂടുതല്‍ സ്പോണ്‍സര്‍മാരിലേക്ക്. 2019ല്‍ വാതില്പ്പാളികളില് സ്വര്‍ണം പൂശിയത് ഗോവര്ധനന് എന്ന സ്പോണ്സര് എന്ന് ദേവസ്വം വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
2019 മാര്‍ച്ച് മാസത്തില്‍ ശബരിമലയിലെ വാതില്‍പ്പാളികളും കട്ടിളപ്പടിയും സ്വര്‍ണം പൂശാനായി പുറത്തേക്ക് കൊണ്ടുപോയിരുന്നു. ഉണ്ണികൃഷ്ണന് പോറ്റിയാണ് വാതില്‍പ്പാളി കൊണ്ടുപോയത്. എന്നാല്‍ അറ്റകുറ്റപ്പണികള്‍ നടത്തിയ ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ക്രിയേഷന് സ്ഥാപനത്തിന്റെ ഔദ്യോഗിക രേഖകള്‍ പ്രകാരം വാതില്പ്പാളികളില് പൂശാനുള്ള സ്വര്‍ണം സ്പോണ്സര് ചെയ്തിരിക്കുന്നത് ഗോവര്ധനന് എന്നയാളാണ്. എന്നാല്‍ ഈ വ്യക്തിയെക്കുറിച്ച് അന്നത്തെ ദേവസ്വം ഭരണസമിതിയ്ക്കോ ഇന്നുള്ള ഉദ്യോഗസ്ഥര്‍ക്കോ ആര്‍ക്കും തന്നെ ധാരണയില്ല. ഇവര്‍ക്ക് പരിചയമുള്ളതും ആശയവിനിമയം നടത്തിയിട്ടുള്ളതും ഉണ്ണികൃഷ്ണന് പോറ്റിയുമായാണ്.
വാതില്‍പ്പാളികളിലും കട്ടിളപ്പടികളിലുമായി സ്വര്‍ണം പൂശാന്‍ 512 ഗ്രാം സ്വര്‍ണം ഗോവര്ധന് നല്‍കിയെന്നാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ ദേവസ്വം വിജിലന്‍സിന് നല്കിയ മൊഴി. വാതിലില്‍ 321.6 ഗ്രാമും കട്ടിളപ്പടിയില്‍ 184 ഗ്രാമും സ്വര്‍ണം പൂശിയെന്നാണ് മൊഴി. കൊണ്ടുവന്നപ്പോള്‍ കട്ടിളപ്പടികളിലും വാതില്‍പ്പാളികളിലും ഉണ്ടായിരുന്ന സ്വര്‍ണം ഉരുക്കിയെടുത്തതായി വിജിലന്‍സ് കണ്ടെത്തിയിട്ടുമുണ്ട്. ഇതില്‍ നിന്ന് സ്വര്‍ണം അപഹരിച്ചോ എന്നതാണ് അന്വേഷണസംഘം നിലവില്‍ പരിശോധിക്കുന്നത്. ഉണ്ണികൃഷ്ണന് പോറ്റി ഇടനിലക്കാരനായി നിന്ന ഈ ഇടപാടില്‍ സ്പോണ്സര് ഗോവര്ധനന്റെ പങ്കെന്തെന്ന് പരിശോധിക്കാനാണ് ഇയാളുടെ മൊഴിയെടുക്കാന്‍ അന്വേഷണസംഘം നീക്കം നടത്തുന്നത്.