വെടിനിർത്തൽ ഇസ്രയേൽ ലംഘിക്കില്ലെന്ന് ഉറപ്പാക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ.
മുൻകാലങ്ങളിൽ വെടിനിർത്തൽ കരാറുകൾ ഇസ്രയേൽ ലംഘിച്ചതായി പിബി ഓർമ്മിപ്പിച്ചു. അത് വീണ്ടും ആവർത്തിക്കാതിരിക്കാൻ അന്താരാഷ്ട്ര സമൂഹം ഉറപ്പുവരുത്തണമെന്ന് പിബി വ്യക്തമാക്കി.
ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും, ഉത്തരവാദിത്തം അമേരിക്ക ഏറ്റെടുക്കണമെന്നും പിബി ആവശ്യപ്പെട്ടു. അന്താരാഷ്ട്ര സമൂഹം ഇസ്രയേലിന്മേൽ സമ്മർദ്ദം ചെലുത്തുന്നത് തുടരണമെന്നും പിബി ആവശ്യപ്പെട്ടു.
യുഎൻ പ്രമേയങ്ങൾ പാലിക്കാനും പലസ്തീൻ അധിനിവേശം അവസാനിപ്പിക്കാനും ഇസ്രയേലിനെ നിർബന്ധിതരാക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ വ്യക്തമാക്കി. സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെ മാത്രമേ ദീർഘകാല സമാധാനം ഉറപ്പാക്കാനാകൂവെന്നും പിബി ചൂണ്ടിക്കാട്ടി.
കഴിഞ്ഞദിവസമാണ് വെടിനിർത്തലും ബന്ദി മോചന പദ്ധതിയും ഇസ്രയേൽ അംഗീകരിച്ചത്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ബന്ദി മോചനം ആരംഭിക്കുമെന്ന് അമേരിക്കൻ പ്രസിഡനറ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയത്. ഗസയിലെ വെടിനിർത്തൽ കരാർ അമേരിക്കൻ സൈന്യം നിരീക്ഷിക്കും. 200 സൈനിക ട്രൂപ്പുകളുടെ ബഹുരാഷ്ട്ര സേനയ്ക്ക് അമേരിക്ക നേതൃത്വം നൽകും. ഈജിപ്ത്, ഖത്തർ, തുർക്കി, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും സൈനിക സന്നാഹത്തിൽ ഉൾപ്പെടും.
വെടിനിർത്തൽ ഉടമ്പടിയുടെ ലംഘനമുണ്ടായാൽ ബഹുരാഷ്ട്ര സേന ഈജിപ്തും ഖത്തറും വഴി ഇസ്രയേലിനെയും ഹമാസിനെയും അറിയിക്കും.ഇസ്രയേൽ മന്ത്രിസഭാ യോഗത്തിൽ അമേരിക്കയുടെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ്വിറ്റ് കോഫും ട്രംപിന്റെ മരുമകൻ ജറേഡ് കുഷ്നറും പങ്കെടുത്തു.
ഇതിനിടയില്‍ ഗസയില്‍ നിന്നും പിന്മാറാന് അമേരിക്കയും അറബ് രാജ്യങ്ങളും ഇസ്രയേലിനു മുകളില്‍ സമ്മര്‍ദം ചെലുത്തണമെന്ന പൊതുപ്രസ്താവനയുമായി ഹമാസ് രംഗത്തെത്തിയിരുന്നു. ടെലഗ്രാം വഴിയാണ് പ്രസ്താവനപുറത്തുവിട്ടത്.