ഷാഫി പറമ്പിൽ എംപിയുടെ ആരോഗ്യസ്ഥിതിയിൽ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി. മൂക്കിന്റെ രണ്ട് എല്ലുകൾക്ക് പൊട്ടൽ. ഷാഫി ഐസിയുവിൽ നിരീക്ഷണത്തിലാണ്. വിദഗ്ധ ഡോക്ടർമാരുടെ പരിചരണത്തിൽ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു.
ഇടത് ഭാഗത്തും വലതുഭാഗത്തും ഉള്ള എല്ലുകൾക്ക് പൊട്ടൽ സംഭവിച്ചതായാണ് സിടി സ്കാൻ റിപ്പോർട്ട്. നിലവിൽ ഐസിയുവിൽ നിരീക്ഷണത്തിലാണ്. ശസ്ത്രക്രിയ പൂർത്തിയായെങ്കിലും ഏതാനും ദിവസങ്ങൾ കൂടി ഷാഫി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
ഷാഫി പറമ്പിലിനെതിരായ പൊലീസ് നടപടിയിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ച് കോണ്ഗ്രസ്. പലയിടത്തും പ്രതിഷേധ പ്രകടനം സംഘർഷത്തിൽ കലാശിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു.
ബാരിക്കേഡ് ഇളക്കി പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.റോഡിൽ ടയർ കത്തിക്കാനുള്ള പ്രവർത്തകരുടെ ശ്രമം നേതാക്കളും പൊലീസും ഇടപെട്ട് തടഞ്ഞു. പ്രവർത്തകരെ പിന്നീട് അറസ്റ്റ് ചെയ്തു നീക്കി.
കൊല്ലം ചടയമംഗലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കോട്ടയം ചങ്ങനാശേരിയിൽ എം സി റോഡ് ഉപരോധിച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പാലക്കാട് കോണ്ഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി.