Headlines

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മദ്യംപിടികൂടി; പുറത്തുനിന്ന് എറിഞ്ഞുകൊടുത്തതെന്ന് പ്രാഥമിക നിഗമനം

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മദ്യം പിടികൂടി. ഹോസ്പിറ്റല്‍ ബ്ലോക്കിന് സമീപത്തുനിന്ന് രണ്ട് കുപ്പി മദ്യമാണ് പിടികൂടിയത്. ജയിലില്‍ പുറത്തുനിന്ന് ഇത്തരം നിരവധി വസ്തുക്കളെത്തുന്നുവെന്നും തടവുപുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്നുമുള്ള വാര്‍ത്തകള്‍ ഏറെ ചര്‍ച്ചയായതിന് ശേഷമാണ് വീണ്ടും ജയിലില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെത്തിയിരിക്കുന്നത്.

മദ്യത്തിനൊപ്പം ബീഡിക്കെട്ടുകളും കണ്ടെത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുപ്പികളും ബീഡിക്കെട്ടുകളും. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജയില്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടന്നത്.

ജയിലിന്റെ മതില്‍ വഴി പുറത്തുനിന്ന് ലഹരി വസ്തുക്കള്‍ ഉള്‍പ്പെടെ ജയിലിലേക്ക് എറിഞ്ഞുകൊടുക്കുന്നതായി ട്വന്റിഫോര്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇപ്പോള്‍ കണ്ടെത്തിയ വസ്തുക്കളും ഹോസ്പിറ്റല്‍ ബ്ലോക്ക് അടയാളം വച്ച് എറിഞ്ഞുകൊടുത്തത് തന്നെയാണെന്നാണ് നിഗമനം. സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു.