Headlines

മുഖ്യമന്ത്രിക്ക് വഴിയൊരുക്കാൻ ദേശീയപാതയിൽ 15 മിനിറ്റിലേറെ ഗതാഗതം തടഞ്ഞു; മുരിങ്ങൂരിൽ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്

തൃശൂർ: സംസ്ഥാനത്ത് ദേശീയപാതയിൽ ജോലി നടക്കുന്നതിന്റെ യാത്രാ ദുരിതത്തിനിടെ, മുഖ്യമന്ത്രിക്ക് കടന്നുപോകാൻ പൊലീസ് ദേശീയപാത തടഞ്ഞതിന് പിന്നാലെ മുരിങ്ങൂരിൽ വൻ ഗതാഗതക്കുരുക്ക്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ദേശീയപാതയിലെ ഗതാഗതക്കുരുക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുടുങ്ങാതിരിക്കാൻ, 15 മിനിറ്റിലധികം സമയമാണ് പൊലീസ് വാഹനങ്ങൾ തടഞ്ഞിട്ടത്. ഇത് മറ്റ് യാത്രക്കാരെ ദുരിതത്തിലാക്കി.

തൃശൂർ മുരിങ്ങൂരിന് സമീപത്തായിരുന്നു സംഭവം. ചാലക്കുടിയിൽ നിന്ന് കൊരട്ടി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളാണ് സുരക്ഷാ കാരണങ്ങൾ പറഞ്ഞ് പോലീസ് പൂർണ്ണമായും തടഞ്ഞത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിന് വേണ്ടിയുള്ള വഴിയൊരുക്കൽ കാരണം, ദേശീയപാതയിൽ രണ്ട് കിലോമീറ്ററിലധികം ദൂരത്തിൽ വാഹനങ്ങളുടെ നീണ്ട ക്യൂ രൂപപ്പെട്ടു. സംഭവം യാത്രക്കാരുടെ പ്രതിഷേധത്തിന് ഇരയാക്കി. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയ ശേഷവും, തടഞ്ഞുവെച്ച വാഹനങ്ങൾ ഒറ്റയടിക്ക് മുന്നോട്ട് നീങ്ങിയതോടെ കൊരട്ടി ഭാഗത്തേക്ക് ഗതാഗതക്കുരുക്ക് ഏറെ സമയം നീണ്ടുനിന്നു. ഏറെ നേരത്തിന് ശേഷമാണ് ഗതാഗതം സാധാരണ നിലയിലായത്.