Headlines

ചൈനയ്ക്ക് മേല്‍ 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് ട്രംപ്; നവംബര്‍ ഒന്ന് മുതല്‍ ആകെ 130 ശതമാനം തീരുവ

ചൈനയ്ക്ക് മേല്‍ 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നവംബര്‍ ഒന്ന് മുതല്‍ പുതിയ തീരുവ നിലവില്‍ വരും. ചൈനയ്ക്ക് മേല്‍ നിര്‍ണായക സോഫ്റ്റ് വെയര്‍ കയറ്റുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു. നിലവില്‍ ചൈനീസ് ഉത്പ്പന്നങ്ങള്‍ക്ക് 30 ശതമാനം തീരുവ അമേരിക്ക ചുമത്തുന്നുണ്ട്. പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുന്നതോടെ തീരുവ 130 ശതമാനമാകും.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനൊപ്പമുള്ള ഉച്ചകോടി വേണ്ടെന്ന് വയ്ക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അപൂര്‍വ ധാതുക്കളുടെ കയറ്റുമതി നിയന്ത്രണം വിശദീകരിച്ച് ചൈന വിവിധ രാജ്യങ്ങള്‍ക്ക് കത്തയച്ചതായി തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ട്രംപ് ചൈനയ്‌ക്കെതിരെ വീണ്ടും തീരുവ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. സ്മാര്‍ട്ട് ഫോണുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍ മുതല്‍ മിലിറ്ററി ഹാര്‍ഡ്‌വെയര്‍ നിര്‍മാണത്തിന് വരെ അപൂര്‍വധാതുക്കള്‍ ആവശ്യമാണ്. ഇവയുടെ കയറ്റുമതിയില്‍ ചൈനയാണ് ലോകവിപണിയില്‍ ആധിപത്യം പുലര്‍ത്തുന്നത്. ഈ കയറ്റുമതിയില്‍ ചൈന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പല രാജ്യങ്ങളും പരാതിപ്പെട്ടെന്നാണ് ട്രംപ് പറയുന്നത്.

ഇങ്ങനെയൊരു നീക്കത്തിന് ചൈന മുതിര്‍ന്നു എന്നത് തനിക്ക് അവിശ്വസനീയമായി തോന്നുന്നുവെന്നും അവരര് ചെയ്ത സ്ഥിതിക്ക് ബാക്കി ചരിത്രമാകുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ചൈനയ്‌ക്കെതിരെ 100 ശതമാനം തീരുവ അമേരിക്ക ചുമത്തിയതിന് പിന്നാലെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ വന്‍ ഇടിവാണ് ദൃശ്യമായത്. നാസ്ഡാക്ക് 3.6 ശതമാനവും എസ് ആന്‍ഡ് പി 500 2.7 ശതമാനവും ഇടിഞ്ഞു.