പാലക്കാട് വാണിയംകുളത്ത് ഡിവൈഎഫ്‌ഐ മുന്‍നേതാവിനെ അതിക്രൂരമായി മര്‍ദിച്ച സംഭവത്തില്‍, പ്രതികളായ ഡിവൈഎഫ്‌ഐ നേതാക്കളെ തള്ളി സിപിഐഎം ജില്ലാ നേതൃത്വം. അക്രമം അതിരുവിട്ടെന്നും വിനേഷിനൊപ്പമാണ് പാര്‍ട്ടിയെന്നും ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ് അജയകുമാര്‍ പറഞ്ഞു.
സിപിഐഎമ്മോ ഡിവൈഎഫ്‌ഐയോ അറിഞ്ഞുകൊണ്ടുള്ള അക്രമമല്ല അവിടെ നടന്നത്. പ്രതികളെ സംരക്ഷിക്കുന്ന നിലപാട് സിപിഐഎം സ്വീകരിക്കില്ല. ഞങ്ങള്‍ പൂര്‍ണമായും അക്രമണത്തിന് ഇരയായ വീനേഷിനൊപ്പമാണ്.
ഇക്കഴിഞ്ഞ ബുധനാഴ്ച വൈകിയിട്ടാണ് പാലക്കാട് വാണിയംകുളം പനയൂര്‍ സ്വദേശി വിനേഷിനെ ഡിവൈഎഫ്‌ഐയുടെ നേതാക്കള്‍ ചേര്‍ന്ന് ക്രൂരമായി ആക്രമിച്ചത്. ഡിവൈഎഫ്‌ഐ ഷോര്‍ണൂര്‍ ബ്ലോക്ക് സെക്രട്ടറി രാഗേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ വിമര്‍ശിച്ച് കമന്റിട്ടതിനായിരുന്നു മര്‍ദനം. സംഭവത്തില്‍ ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം ഹാരിസ്, കൂനത്തറ മേഖല ഭാരവാഹികളായ സുര്‍ജിത്ത്, കിരണ്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിനേഷ് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്.
കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല മര്‍ദിച്ചത്, ഫേസ്ബുക്കില്‍ നിരന്തരം പ്രകോപിപ്പിച്ചതിന് വിനേഷിനെ ഭീഷണിപ്പെടുത്തുക മാത്രമാണ് ഉദേശ്യം ഉണ്ടായിരുന്നത് എന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി.