Headlines

“13 മണിക്കൂർ നീണ്ട പരിശോധന”; ദുൽഖറിന്റെ വീട്ടിലെ ഇ ഡി റെയ്‌ഡ്‌ പൂർത്തിയായി

ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് ED ഉദ്യോഗസ്ഥർ നടൻ ദുൽഖർ സൽമാന്റെ വീട്ടിൽ നടത്തിയ പരിശോധന പൂർത്തിയായി. 13 മണിക്കൂർ നീണ്ടുനിന്ന പരിശോധന പൂർത്തിയാക്കിയാണ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ എളംകുളത്തെ വീട്ടിൽ നിന്ന് മടങ്ങിയത്. രാത്രി 8 മണിയോടുകൂടിയാണ് പരിശോധന പൂർത്തിയായത്. വാഹനങ്ങളുടെ രേഖകൾ, ഉടമസ്ഥ വിവരങ്ങൾ, പണം നൽകിയ രീതി തുടങ്ങിയ വിവരങ്ങളാണ് ഇ ഡി നടനിൽ നിന്നും തേടിയത്.

ഇന്നലെ രാവിലെ ഏഴ് മണിമുതലാണ് കേരളത്തിലും തമിഴ്നാട്ടിലുമായി 17 കേന്ദ്രങ്ങളിലായി ഒരേസമയം ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചത്. ദുൽഖറിന് പുറമെ നടന്മാരായ പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലും വിവിധ കാർ ഷോറൂമുകളിലും ഉൾപ്പെടെ ഇ ഡി പരിശോധന നടത്തി.

ഭൂട്ടാൻ വാഹനക്കടത്തിൽ ഹവാല ഉൾപ്പെടെ അനധികൃത സാമ്പത്തിക ഇടപാടുകൾ നടന്നുവെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു ഇ ഡി പരിശോധന. ദുൽഖർ സൽമാന്റെ ചെന്നൈയിലെ വീട്ടിലും ഓഫീസുകളിലും പരിശോധന നടന്നു. തുടർന്ന് ചെന്നൈയിൽ ആയിരുന്ന താരത്തിന്റെ മൊഴിയെടുക്കാനായി ഇ ഡി കൊച്ചിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

അതേസമയം, കേരളത്തിൽ 5 ജില്ലകളിലായുള്ള വാഹന ഡീലർമാരെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. തമിഴ്നാട്ടിൽ ചെന്നൈയിലും കോയമ്പത്തൂരുമാണ് ഇ ഡി പരിശോധന നടന്നത് .ഭൂട്ടാനിൽ നിന്നുള്ള കാർ കടത്തിൽ ഫെമ ചട്ട ലംഘനം നടന്നുവെന്നാണ് ഇ ഡിയുടെ കണ്ടെത്തൽ. ഫെമ ചട്ടത്തിലെ 3,4,8 വകുപ്പുകളുടെ ലംഘനമാണ് നടന്നിരിക്കുന്നത്. ഡിഫൻഡർ,ലാൻഡ് ക്രൂസർ,മെസ്രട്ടി തുടങ്ങിയ വാഹനങ്ങളുടെ ഇടപാടിൽ ഹവാല നെറ്റ്‌വർക്കിന്റെ വിവരങ്ങളും

ഇ ഡിയ്ക്ക് ലഭിച്ചിട്ടുണ്ട്.

കോയമ്പത്തൂർ കേന്ദ്രീകരിച്ചുള്ള സംഘമാണ് ഇടപാടുകളുടെ പ്രധാന കേന്ദ്രമെന്നാണ് ഇ ഡിയുടെ കണ്ടെത്തൽ. ഇന്ത്യൻ ആർമിയുടെയും യുഎസ് എംബസിയുടെയും രേഖകൾ സംഘം വ്യാജമായി നിർമിച്ചുവെന്നും ഈ രേഖകൾ ഉപയോഗിച്ച് സിനിമാ താരങ്ങൾക്കും ശതകോടിശ്വരൻമാർക്കും വാഹനങ്ങൾ വില്പന നടത്തിയെന്നുമാണ് വിവരം.താരങ്ങൾ ഉൾപ്പെടെയുള്ളവർ ഈ നെറ്റ്‌വർക്കുമായി നടത്തിയ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാണ് ഇപ്പോഴുള്ള അന്വേഷണം.വരും ദിവസങ്ങളിൽ കൂടുതൽ കേന്ദ്ര ഏജൻസികൾ കൂടി അന്വേഷണത്തിന്റെ ഭാഗമാകും.