Headlines

‘വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടോ?’; ചുമ സിറപ്പ് മരണത്തിൽ വ്യക്തത തേടി ലോകാരോഗ്യ സംഘടന

മധ്യപ്രദേശിലെ ചുമ സിറപ്പ് മരണത്തിൽ വ്യക്തത തേടി ലോകാരോഗ്യ സംഘടന. മരണത്തിന് കാരണമാക്കുന്ന കഫ് സിറപ്പ് വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടോ എന്നതിലാണ് വ്യക്തത തേടിയത്. ഇന്ത്യയിൽ നിന്ന് മറുപടി ലഭിച്ചു കഴിഞ്ഞാൽ ജാഗ്രത പുറപ്പെടുവിക്കുന്ന കാര്യത്തിൽ ലോകാരോഗ്യ സംഘടന തീരുമാനമെടുക്കും.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, മധ്യപ്രദേശ് സർക്കാർ രണ്ട് ഡ്രഗ് ഇൻസ്പെക്ടർമാരെയും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ ഒരു ഡെപ്യൂട്ടി ഡയറക്ടറെയും സസ്പെൻഡ് ചെയ്തിരുന്നു. സംസ്ഥാനത്തെ ഡ്രഗ് കൺട്രോളറെയും സ്ഥലം മാറ്റി. കൂടാതെ, അശ്രദ്ധ ആരോപിച്ച് ചിന്ദ്വാരയിൽ നിന്നുള്ള ഡോക്ടർ പ്രവീൺ സോണിയെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ആസ്ഥാനമായുള്ള ഒരു കമ്പനി നിർമ്മിക്കുന്ന കോൾഡ്രിഫ് എന്ന ബ്രാൻഡഡ് ചുമ സിറപ്പ് കഴിച്ചതിനെ തുടർന്നാണ് കുട്ടികൾ രോഗബാധിതരായത്.
മധ്യപ്രദേശിൽ വിഷാംശം കൂടിയ കോൾഡ്രിഫ് ചുമ സിറപ്പ് കഴിച്ച് 20 കുട്ടികളാണ് മരിച്ചത്, അഞ്ച് കുട്ടികളുടെ നില ഗുരുതരമാണ്, രണ്ടുപേരെ നാഗ്പൂരിലെ എയിംസിലും രണ്ടുപേരെ സർക്കാർ ആശുപത്രിയിലും ഒരാൾ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

അതേസമയം ചുമ സിറപ്പ് മരണത്തിൽ മധ്യപ്രദേശ് സർക്കാർ കടുത്ത നടപടിയിലേക്ക് കടന്നു. കോൾഡ്രിഫ് കഫ് സിറപ്പ് നിർമ്മാതാക്കളെ ഉടൻ അറസ്റ്റ് ചെയ്യും. പ്രത്യേക അന്വേഷണ സംഘം തമിഴ്നാട്ടിൽ എത്തി എന്ന് മധ്യപ്രദേശ് ഉപമുഖ്യമന്ത്രി ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല പറഞ്ഞു.