ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഇന്ത്യയില്‍ എത്തി. വ്യവസായ പ്രമുഖരും വൈസ് ചാന്‍സലര്‍മാരും അടക്കം നൂറിലേറെ പേര്‍ അടങ്ങുന്ന സംഘമാണ് പ്രധാനമന്ത്രിക്കൊപ്പം മുംബൈയില്‍ എത്തിയത്.നാളെ രാജ് ഭവനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം ബ്രിട്ടീഷ് പ്രധാനമന്ത്രി ചര്‍ച്ച നടത്തും. ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റിലും കെയര്‍ സ്റ്റാര്‍മര്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയുമായുള്ള വ്യാപാരബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളാണ് രണ്ടുദിവസം സന്ദര്‍ശനത്തിന്റെ പ്രധാന ഉദ്ദേശം.
ജൂലൈ മാസം പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടനില്‍ എത്തി സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെച്ചിരുന്നു. നിക്ഷേപം, സാങ്കേതികവിദ്യ, പ്രതിരോധരംഗം തുടങ്ങിയ വിവിധ മേഖലകളില്‍ പരസ്പര സഹകരണം കൂടുതല്‍ ശക്തമാക്കാനുള്ള നടപടികള്‍ പ്രധാനമന്ത്രിമാര്‍ ചര്‍ച്ചചെയ്യും. ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ശേഷം കെയര്‍ സ്റ്റാര്‍മര്‍ ആദ്യമായാണ് ഇന്ത്യയില്‍ എത്തുന്നത്.
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യയിലേക്കുള്ള വരവ് കുടിയേറ്റവുമായി ബന്ധപ്പെട്ട ബ്രിട്ടന്റെ നിലപാടില്‍ അയവ് വരുത്തിയേക്കും എന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ അത്തരം നിയന്ത്രണങ്ങളില്‍ യാതൊരു മാറ്റങ്ങളും വരുത്തില്ലെന്നും വിസയുമായി ബന്ധപ്പെട്ട് യാതൊന്നും ചര്‍ച്ച ചെയ്യാനല്ല ഇന്ത്യയിലെത്തിയതെന്നും കെയര്‍ സ്റ്റാര്‍മര്‍ തന്നെ വിശദീകരിച്ചു. ചില സാമ്പത്തിക സഹകരണങ്ങളെക്കുറിച്ച് മാത്രമാണ് ചര്‍ച്ചയെന്നും അദ്ദേഹം വ്യക്തമാക്കി.