Headlines

‘ഇത്തവണയും ശില്‍പ്പങ്ങള്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടാമെന്ന് റിപ്പോര്‍ട്ട് വന്നു, പക്ഷേ ദേവസ്വം ബോര്‍ഡ് അത് ഒറ്റക്കെട്ടായി എതിര്‍ത്തു’: പി എസ് പ്രശാന്ത്

ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് സൂചന നല്‍കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. വിജിലന്‍സ് റിപ്പോര്‍ട്ടിന് ശേഷം മുരാരി ബാബു ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ തുടര്‍നടപടി തീരുമാനിക്കുമെന്ന് പി എസ് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട് ഈ ആഴ്ച കോടതിയിലെത്തുമെന്നാണ് മനസിലാക്കുന്നത്. അത് തനിക്കും ലഭിക്കാതിരിക്കില്ലെന്നും വിരമിച്ച ഉദ്യോഗസ്ഥര്‍ കുറ്റക്കാരെങ്കില്‍ അവര്‍ക്കെതിരെ ഉള്‍പ്പെടെ നടപടിയെടുക്കുമെന്നും പി എസ് പ്രശാന്ത് കൂട്ടിച്ചേര്‍ത്തു

ദേവസ്വം ബോര്‍ഡിനെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടക്കണമെന്നും വിവാദം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നുമാണ് ആവശ്യമെന്നും പി എസ് പ്രശാന്ത് പറഞ്ഞു. മണ്ഡല മകരവിളക്ക് മഹോത്സവം വരികയാണ്. എല്ലാവരും അതിന്റെ ഒരുക്കങ്ങളില്‍ മുഴുകുമ്പോള്‍ ഈ ഒരു വിവാദം അവസാനിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കൊന്നും ഇപ്പോള്‍ ഉത്തരം പറയാന്‍ താന്‍ ആളല്ല. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നല്ല ഏജന്‍സി അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണത്തില്‍ എല്ലാം തെളിഞ്ഞുവരട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തവണയും സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടാമെന്ന് മുരാരി ബാബു റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ബോര്‍ഡ് ഒറ്റക്കെട്ടായി അത് തള്ളിയെന്നും പി എസ് പ്രശാന്ത് പറഞ്ഞു. ഈ വിഷയത്തില്‍ ദേവസ്വം പ്രസിഡന്റിന്റേയും മെമ്പര്‍മാരുടേയും സ്വന്തം വീട്ടിലേക്ക് മാര്‍ച്ച് നടത്തുന്നവര്‍ അത് ധാര്‍മികയ്ക്ക് നിരക്കുന്നതാണോ എന്ന് കൂടി ആലോചിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.