Headlines

കൊച്ചി-ധനുഷ്കോടി ദേശീയപാത നിർമ്മാണ വിലക്കിൽ വഴിത്തിരിവ്; സർക്കാർ സത്യവാങ്മൂലം തിരുത്തി ഖേദം പ്രകടിപ്പിച്ചു

കൊച്ചി-ധനുഷ്കോടി ദേശീയപാത നിർമ്മാണ വിലക്കുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. നേരത്തെ നൽകിയ സത്യവാങ്മൂലം തെറ്റാണെന്ന് സമ്മതിച്ച സർക്കാർ കോടതിയിൽ ഖേദപ്രകടനം നടത്തുകയും ചെയ്തു.

വനഭൂമിയാണെന്ന സത്യവാങ്മൂലത്തെ തുടർന്ന് വനംവകുപ്പിന്റെ അനുമതിയില്ലാതെ മരങ്ങൾ മുറിച്ചുമാറ്റിയെന്ന് കാണിച്ച് ഹർജി കോടതിയിൽ എത്തുകയും, തുടർന്നാണ് നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്തെ നിർമ്മാണം ഹൈക്കോടതി വിലക്കുകയും ചെയ്തത്.

റോഡിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചാണ് സർക്കാർ നിലപാട് തിരുത്തിയത്. നേര്യമംഗലം മുതൽ വാളറ വരെയുള്ള ദേശീയപാതയുടെ ഭൂമി വനംവകുപ്പിന്റേതാണെന്ന് ജൂലൈ 11-ന് നൽകിയ സത്യവാങ്മൂലമാണ് ഇപ്പോൾ തിരുത്തിയിരിക്കുന്നത്. റോഡ് നിർമ്മിച്ച കാലം മുതൽ ഈ ഭൂമി പൊതുമരാമത്ത് വകുപ്പിന്റേതാണ് എന്നാണ് പുതിയ സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കിയത്. റോഡും സമീപത്തെ 50 അടി വീതിയിലുള്ള ഭൂമിയും പൊതുമരാമത്ത് വകുപ്പിന്റേതാണെന്നും രാജഭരണകാലത്ത് തന്നെ ഈ ഭൂമി വനം വകുപ്പിൽ നിന്ന് ഒഴിവാക്കിയിരുന്നു എന്നും പുതിയ സത്യവാങ്മൂലത്തിൽ പറയുന്നു.

തെറ്റായ സത്യവാങ്മൂലം നൽകിയതിൽ സർക്കാർ കോടതിയിൽ ഖേദം പ്രകടിപ്പിച്ചു. ചീഫ് സെക്രട്ടറിയാണ് സർക്കാരിന് വേണ്ടി പുതിയ സത്യവാങ്മൂലം ഹൈക്കോടതിയിൽ സമർപ്പിച്ചത്. കോടതി ഇത് ഫയലിൽ സ്വീകരിച്ചു. കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.

ജനകീയ പ്രതിരോധത്തിന്റെ വിജയമാണ് സർക്കാർ പുതിയ സത്യവാങ്മൂലം നൽകാനുള്ള കാരണമെന്ന് ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ് പ്രതികരിച്ചു. ജനകീയ പ്രക്ഷോഭങ്ങൾക്കൊടുവിലാണ് സർക്കാർ നിലപാട് തിരുത്തി പുതിയ സത്യവാങ്മൂലം നൽകിയത്.