Headlines

ഫാസ്റ്റാഗില്ലേ? യുപിഐ വഴി ടോളടച്ചാല്‍ നവംബര്‍ 15 മുതല്‍ ഇരട്ടി തുക നല്‍കേണ്ടി വരില്ല

രാജ്യത്തെ ടോള്‍ പ്ലാസകളില്‍ ഫാസ്റ്റ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ നല്‍കേണ്ട തുകയില്‍ ഭേദഗതി വരുത്തി കേന്ദ്രസര്‍ക്കാര്‍. യുപിഐ വഴി ടോള്‍ തുകയടയ്ക്കുന്ന വാഹനങ്ങള്‍ക്ക് ഇരട്ടി തുക നല്‍കേണ്ടതില്ലെന്നാണ് പുതിയ ഉത്തരവ് പറയുന്നത്. പകരം ടോള്‍ തുകയുടെ നാലിലൊന്ന് മാത്രം അധികമായി നല്‍കിയാല്‍ മതിയാകും. പണമായി ടോള്‍ അടയ്ക്കുന്നവര്‍ ഇരട്ടി തുക നല്‍കേണ്ടി വരും. നവംബര്‍ 15 മുതലാണ് ഭേദഗതി പ്രാബല്യത്തില്‍ വരിക. ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഈ ഭേദഗതി വരുത്തിയിരിക്കുന്നത്.

ഉദാഹരണത്തിന് ഫാസ്റ്റാഗ് ഉള്ള വാഹനങ്ങള്‍ അടയ്ക്കുന്നത് 100 രൂപയാണെങ്കില്‍ കറന്‍സി നല്‍കി വരുന്ന വാഹന യാത്രികര്‍ 200 രൂപ അടയ്‌ക്കേണ്ടതായി വരും. എന്നാല്‍ ടോള്‍ അടയ്ക്കുന്നത് യുപിഐ ആപ്പുകള്‍ വഴിയാണെങ്കില്‍ ടോള്‍ തുകയുടെ നാലിലൊന്ന് അതായത് 25 രൂപ അധികമായി ടോള്‍ തുകയ്‌ക്കൊപ്പം ചേര്‍ത്ത് 125 രൂപ അടയ്‌ക്കേണ്ടി വരും.
ടോള്‍ പിരിവില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിനും ടോള്‍ പ്ലാസകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനുമാണ് കേന്ദ്രസര്‍ക്കാര്‍ പരമാവധി ഡിജിറ്റല്‍ പേയ്‌മെന്റുകളും ഫാസ്റ്റ്ടാഗും പ്രോത്സാഹിപ്പിക്കുന്നത്. ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് കറന്‍സി രഹിത ടോള്‍ അടവിനായി കേന്ദ്രസര്‍ക്കാര്‍ 3000 രൂപ വിലവരുന്ന ഫാസ്റ്റ്ടാഗ് ടോള്‍ പാസുകള്‍ ഇറക്കിയിരുന്നു. 200 ടോള്‍ ട്രിപ്പുകള്‍ക്ക് ഉപയോഗിക്കാവുന്ന പാസായിരുന്നു ഇത്.