Headlines

‘ശബരിമലയുടെ കാര്യത്തിൽ ആരെന്ത് കാണിച്ചാലും തെറ്റ് തന്നെയാണ്; കപട ഭക്തന്മാരുടെ കൈയ്യിലാണ് ദേവസ്വം ബോർഡ്’, കെ മുരളീധരൻ

ശബരിമലയിലെ സ്വർണ്ണപാളികൾ അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയ 2019 -2025 കാലയളവിൽ രണ്ടുതവണയും യുഡിഎഫ് അല്ല അധികാരത്തിൽ ഉണ്ടായിരുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. വസ്തുനിഷ്ടമായ അന്വേഷണം വേണമെന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. രാഷ്ട്രീയകാര്യ സമിതിയിൽ ഇക്കാര്യം ചർച്ച ചെയ്യും. വേണ്ടിവന്നാൽ സമരത്തിലേക്ക് കടക്കും. ഈ സംഭവം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല കെ മുരളീധരൻ പറഞ്ഞു.

കഴിഞ്ഞ കുറെ കാലമായി കപടഭക്തന്മാരുടെ കൈയിലാണ് ദേവസ്വം ബോർഡുള്ളത്. ഈ ദുരന്തം അയ്യപ്പന് പോലും അനുഭവിക്കേണ്ടിവന്നു. നിയമം അനുസരിച്ച് സ്വർണ്ണപാളികൾ അമ്പലത്തിന്റെ പരിസരം വിട്ട് കൊണ്ടുപോകരുതെന്നാണ്. എന്നാൽ ഇത് ചെന്നൈയിലേക്ക് കൊണ്ടുപോയി, സ്പോൺസർ എന്ന് പറയുന്ന ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്ന് പീഠം കണ്ടുകിട്ടി. ഇങ്ങനെയുള്ള എത്ര ഉണ്ണികൃഷ്ണന്മാരാണ് അയ്യപ്പ സംഗമം സ്പോൺസർ ചെയ്തിരിക്കുന്നതെന്ന് കോൺഗ്രസിന് അറിയണം. എത്ര ഒളിച്ചുകളി നടത്തിയാലും ഇക്കാര്യങ്ങൾ പറഞ്ഞെ തീരു മുരളീധരൻ വ്യക്തമാക്കി.

പാർട്ടി വിശ്വാസികളുടെ കൂടെയാണ്. വിശ്വാസികളുടെ മനസ്സിനെ മുറിവ് ഏൽപ്പിക്കുന്ന കാര്യങ്ങളാണ് അടുത്തകാലത്ത് സംഭവിക്കുന്നത്. ശബരിമലയുടെ കാര്യത്തിൽ ആരെന്ത് കാണിച്ചാലും തെറ്റ് തന്നെയാണ്. ഈ അടുത്തകാലത്താണ് സ്വർണപീഠവും സ്വർണ്ണപാളികളും കാണാതായിട്ടുള്ളത് അതിനെ പൂർവ്വകാലം പറഞ്ഞുകൊണ്ട് മറയ്ക്കാൻ ശ്രമിക്കരുതെന്നും അന്വേഷണത്തെ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കീഴ്‌ശാന്തിയ്ക്ക് വന്നയാൾ എങ്ങിനെ സ്പോൺസറായി മാറും. ഇതൊക്കെ ഒരു സംഗമം നടത്തിയത് കൊണ്ട് മറയ്ക്കാൻ ആവില്ല. ഇതൊക്കെ പുറത്ത് കൊണ്ടുവരണം. ഒരിക്കലും കുറ്റവാളിയെ രക്ഷപെടാൻ സമ്മതിക്കില്ല. ഇവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു.

അതേസമയം, സ്വർണപാളി വിവാദത്തില്‍ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചു. ശബരിമല കേന്ദ്രീകരിച്ചുള്ള ഇടപാടുകളും സ്വർണ്ണപ്പാളി അടക്കം ഉപയോഗിച്ച് നടത്തിയ പണപ്പിരിവ്, സംഭാവന എന്നിവയിലായിരിക്കും അന്വേഷണം നടത്തുക.