ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകളിൽ ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചു. ശബരിമല കേന്ദ്രീകരിച്ചുള്ള ഇടപാടുകളും സ്വർണ്ണപ്പാളി അടക്കം ഉപയോഗിച്ച് നടത്തിയ പണപ്പിരിവ്, സംഭാവന എന്നിവയിലും വിജിലൻസ് അന്വേഷണം നടത്തും. ബംഗളൂരുവിന് പുറമേ മറ്റു സംസ്ഥാനങ്ങളിലും സ്വർണ്ണപ്പാളി വഴി സംഭാവന സ്വീകരിച്ചോ എന്ന് പരിശോധിക്കും.
അതേസമയം, 2019 ൽ ശബരിമല സ്വർണപ്പാളി സ്പോൺസർക്ക് കൈമാറുന്നതിൽ ഉദ്യോഗസ്ഥവീഴ്ച ഉണ്ടായെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് സമ്മതിച്ചു.
ശബരിമലയിലെ സ്വർണം, കാണിക്ക ഇടപാടുകളുമായി ബന്ധപ്പെട്ട രജിസ്റ്ററുകൾ കൃത്യമാണ്.എന്നാൽ ഇത് കോടതിയെ ധരിപ്പിക്കുന്നതിലും വീഴ്ചയുണ്ടായെന്നും പി എസ് പ്രശാന്ത് പറഞ്ഞു. ഉണ്ണികൃഷ്ണൻപോറ്റി ആരാണെന്ന് ദേവസ്വം ബോർഡിനും ധാരണയില്ലെന്നും ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയാണെന്നും അദ്ദേഹം വ്യക്തമാക്കി.