Headlines

കട്ടപ്പനയിൽ മാൻഹോൾ വൃത്തിയാക്കുന്നതിനിടെ അപകടം; മൂന്ന് തൊഴിലാളികൾ മരിച്ചു; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്‌

ഇടുക്കി കട്ടപ്പനയിൽ മാലിന്യക്കുഴി വൃത്തിയാക്കുന്നതിനിടെ മൂന്നു തൊഴിലാളികൾ മരിച്ചു. തമിഴ്നാട് ഗൂഡല്ലൂർ സ്വദേശി മൈക്കിൾ, സുന്ദരപാണ്ഡ്യ, കമ്പം സ്വദേശി ജയരാമൻ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. സംഭവത്തിൽ ജില്ലാ കളക്ടറോട് മന്ത്രി റോഷി അഗസ്റ്റിൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വർഷങ്ങളായി കട്ടപ്പനയിൽ മാലിന്യ കുഴി വൃത്തിയാക്കുന്ന കരാർ ജോലികൾ ചെയ്തിരുന്ന ആളാണ് മരിച്ച ജയരാമൻ. സുന്ദരപാണ്ഡ്യനും മൈക്കിളും ജോലിക്കാരാണ്.

രാത്രി പത്ത് മണിയോടെയാണ് സംഭവം. ആദ്യം ഓടയിൽ ഇറങ്ങിയ ആളെ കാണാതായതോടെ മറ്റ് രണ്ട് പേരും ഓടയിലേക്ക് ഇറങ്ങുകയായിരുന്നു. മൂന്ന് പേരെയും കാണാതായതോടെയാണ് നാട്ടുകാർ പൊലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിച്ചത്. രണ്ട് പേർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.
തൊഴിലാളികൾക്ക് കരാർ നൽകിയ സ്ഥാപന ഉടമകൾക്ക് വീഴ്ചയില്ല എന്നാണ് പോലീസിന്റെ വിശദീകരണം. അതേസമയം, മാൻ ഹോളിലൂടെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ തൊഴിലാളികൾക്ക് ഉണ്ടായിരുന്നില്ല. അതേസമയം രക്ഷാപ്രവർത്തനത്തിന് കാലതാമസം നേരിട്ടു എന്ന് നാട്ടുകാർ ആരോപിച്ചു.

മരിച്ച മൂന്ന് പേരുടെയും മൃതദേഹങ്ങൾ കട്ടപ്പനയിലെ സെന്റ് ജോൺസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടം നടപടികൾ കടപ്പന താലൂക്ക് ആശുപത്രിയിൽ നടക്കും. ശേഷം മൃതദേഹം ബന്ധങ്ങൾക്ക് വിട്ടു നൽകും.