ഐസിസി വനിത ലോകകപ്പ്; ശ്രീലങ്കയെ എറിഞ്ഞിട്ട് ഇന്ത്യ

ഐസിസി വനിത ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. 271 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്കയെ 59 റണ്‍സിന് പരാജയപ്പെടുത്തി. ടോസ് വിജയിച്ച ശ്രീലങ്ക ഇന്ത്യയെ ആദ്യം ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. മഴ വില്ലനായതോടെ 50 ഓവര്‍ എന്നത് 47 ഓവറായി ചുരുക്കിയിരുന്നു. ഇന്ത്യയുടെ ദീപ്തി ശര്‍മ്മ മത്സരത്തിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.

ബാറ്റിങ്ങിനായി കളത്തിലെത്തിയ ഇന്ത്യയുടെ പ്രതീക റാവല്‍, സ്മൃതി മന്ദനാ എന്നിവര്‍ റണ്‍വേട്ടയ്ക്ക് തുടക്കം കുറിച്ചു. 37 റണ്‍സുമായി പ്രതീക റാവല്‍ മികച്ച തുടക്കം നല്‍കി. നാലാം ഓവറില്‍ പുറത്തായ സ്മൃതി മന്ദനയ്ക്ക് ശേഷം വന്ന ഹര്‍ലീന്‍ ഡിയോള്‍ 48 റണ്‍സോടെ റണ്‍വേട്ടയ്ക്ക് പിന്തുണ നല്‍കി. ഇരുപത്തിയാറാം ഓവറില്‍ ഹര്‍മന്‍പ്രീത് കൗറിനെയും, ജെമിമ റോഡ്രിഗസിനേയും ഇന്ത്യയ്ക്ക് നഷ്ടപെട്ടത് തിരിച്ചടിയായി. ഈ തിരിച്ചടിയില്‍ നിന്ന് അമന്‍ജോത് കൗര്‍ 57 റണ്‍സും, ദീപ്തി ശര്‍മ്മ 53 റണ്‍സും നേടിക്കൊണ്ട് മികച്ച സ്‌കോറിലേക്ക് ഇന്ത്യയെ എത്തിച്ചു. ലങ്കക്കായി ഇനോക്ക രണവീര 4 വിക്കറ്റ് എടുത്ത് തിളങ്ങി.

മറുപടി ബാറ്റിങ്ങിനായി ഇറങ്ങിയ ശ്രീലങ്കന്‍ നിരയില്‍ ചാമാരി അത്തപ്പത്ത്,നിലാക്ഷി ഡി സില്‍വ എന്നിവര്‍ മികച്ച പ്രകടനം കാഴ്ച്ചവച്ചു. ചാമാരി 47 പന്തില്‍ നിന്ന് 43 റണ്‍സും, നിലാക്ഷി 29 പന്തില്‍ നിന്ന് 35 റണ്‍സുമാണ് നേടിയത്. ഇന്ത്യയുടെ ദീപ്തി ശര്‍മ്മ 3 വിക്കറ്റുകളും, സ്‌നേഹ റാണ, നല്ലപുരെഡ്ഡി ചരണി, എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും, ക്രാന്തി ഗൗഡ്, അമന്‍ജോത് കൗര്‍, പ്രതീക റാവല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.