Headlines

രാഹുല്‍ ഗാന്ധിക്കെതിരായ ബിജെപി നേതാവിന്റെ ഭീഷണി അടിയന്തര പ്രമേയമായി സഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം; നോട്ടീസ് തള്ളി സ്പീക്കര്‍

രാഹുല്‍ ഗാന്ധിക്കെതിരായ ബിജെപി നേതാവിന്റെ ഭീഷണിയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളി. പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാത്തതില്‍ പ്രതിപക്ഷം സഭയ്ക്കകത്തും പുറത്തും വ്യാപക പ്രതിഷേധമുയര്‍ത്തി. നടുത്തളത്തില്‍ ബാനറുമായി പ്രതിപക്ഷം പ്രതിഷേധിച്ചു. ടി സിദ്ദിഖ് എംഎല്‍എ സ്പീക്കറുടെ ഡയസിലേക്കെത്തുന്ന സാഹചര്യമുണ്ടായി. സ്പീക്കര്‍ നീതി പാലിക്കുക എന്ന ബാനറുയര്‍ത്തിയായിരുന്നു നടുത്തളത്തില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം.

ബിജെപി വക്താവ് പ്രിന്റു മഹാദേവ് ചാനല്‍ ചര്‍ച്ചയ്ക്കിടെ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കൊലവിളി നടത്തിയെന്നും അത് ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു അടിയന്തര നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ ചാനല്‍ ചര്‍ച്ചയില്‍ ആരെങ്കിലും എന്തെങ്കിലും പറയുന്നത് സഭയില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും ഇതിന് അടിയന്തര പ്രാധാന്യമില്ലെന്നും സ്പീക്കര്‍ നിലപാടെടുക്കുകയായിരുന്നു. പ്രിന്റു മഹാദേവിനെ അറസ്റ്റ് ചെയ്യാത്തത് ബിജെപിയെ ഭയന്നാണെന്നും ഇന്നലെയാണ് പേരിന് എഫ്‌ഐആര്‍ ഇട്ടതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ചെറുവിരല്‍ അനക്കുന്നില്ലെന്നും ബിജെപിയുമായി ബന്ധമാണ് ഇതിന് കാരണമെന്നും വിഡി സതീശന്‍ പറഞ്ഞു.

ബിജെപി വക്താവിതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു അടിയന്തര പ്രമേയം. കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രക്ഷോഭത്തിലാണെന്നും യു.ഡി.എഫ് സമരം ഏറ്റെടുക്കുന്നുവെന്നും വിഡി സതീശന്‍ പറഞ്ഞു. ഇന്നലെയും മിനിഞ്ഞാന്നും സംസ്ഥാനത്തുടനീളം പ്രതിഷേധം നടന്നു. ഇന്നലെയും നിയമസഭയില്‍ ഇക്കാര്യം ഉയര്‍ത്തിയിരുന്നുവെന്ന് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.