കരൂർ ആൾക്കൂട്ട ദുരന്തത്തിൽ മുൻകൂർ ജാമ്യം തേടി ടിവികെ ജനറൽ സെക്രട്ടറി എൻ ആനന്ദ് ഹൈക്കോടതിയിൽ. ജോയിന്റ് സെക്രട്ടറി നിർമൽ കുമാറും ജാമ്യാപേക്ഷ നൽകി. ഒളിവിലുള്ള ടിവികെ നേതാക്കൾക്കായി വ്യാപക തിരച്ചിൽ ആരംഭിച്ചതിന് പിന്നാലെയാണ് ആനന്ദ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ആനന്ദ്, നിർമ്മൽ കുമാർ എന്നിവർക്കായി ട്രിച്ചി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. പൊലീസിൻ്റെ പ്രത്യേക സംഘം ട്രിച്ചിയിൽ എത്തിയിരുന്നു.
അതേസമയം അറസ്റ്റിലായ മതിയഴകൻ, പൗൺ രാജ് എന്നിവരെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി. ഇവരെ കരൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനു മുൻപാകെ ഹാജരാക്കും. പരിപാടി നടത്തിപ്പിന് ചുമതലുള്ള പത്ത് പേരിൽ ഒരാളായ കരൂർ സൗത്ത് സിറ്റി ട്രഷറർ പൗൻരാജാണ് അറസ്റ്റിലായത്. പൗൻരാജ് ആണ് പരിപാടിക്ക് അനുമതി തേടി അപേക്ഷ സമർപ്പിച്ചത്. മുന്നറിയിപ്പും നിർദ്ദേശങ്ങളും ലംഘിച്ചതോടെയാണ് അപേക്ഷകനായ ജില്ലാ ട്രഷററെ അറസ്റ്റ് ചെയ്തത്.
കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ടിവികെ ജനറൽ സെക്രട്ടറി എൻ ആനന്ദ്, ജോയിന്റ് ജനറൽ സെക്രട്ടറി നിർമൽ കുമാർ എന്നിവരുടെ അറസ്റ്റിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം. അതിനിടെ, സംസ്ഥാന സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷൻ ഉടൻ ഇടക്കാല റിപ്പോർട്ട് നൽകും.