ഷാർജയിൽ ആത്മഹത്യ അതുല്യയുടെ ഭർത്താവ് സതീശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി ക്രൈം ബ്രാഞ്ച്. കൊല്ലം പ്രിൻസിപ്പൾ സെക്ഷൻസ് കോടതി സതീശിൻ്റെ ഇടക്കാല ജാമ്യം റദ്ദാക്കിയതിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. സതീശിനെതിരെ ആത്മഹത്യ പ്രേരണ കുറ്റം നിലനിൽക്കുമെന്നാണ് കോടതിയുടെ കണ്ടെത്തൽ.
ജൂലൈ 19-ന് പുലർച്ചെയാണ് ഷാർജയിലെ ഫ്ലാറ്റിൽ കൊല്ലം കോയിവിള സ്വദേശി അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതുല്യയുടേത് കൊലപാതകമെന്നായിരുന്നു മാതാപിതാക്കളുടെ ആരോപണം. എന്നാൽ കൊലപാതകത്തിന് തെളിവില്ലെന്ന് നിരീക്ഷിച്ച കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ ഭർത്താവ് സതീശന് ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.
തുടർന്ന് നടന്ന വിശദ വാദത്തിന് ഒടുവിലാണ് കേസിൽ സതീശിനെതിരെ ആത്മഹത്യ പ്രേരണ കുറ്റം നിലനിൽക്കുമെന്ന് കണ്ടെത്തിയത്. സതീശിന്റെ മൊഴിയിൽ വൈരുധ്യമുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് വാദം. കേസിൽ സതീശിനെ ഉടൻ കസ്റ്റഡിയിൽ വാങ്ങി ക്രൈംബ്രാഞ്ച് വിശദ മൊഴി രേഖപ്പെടുത്തും.