Headlines

വണ്ടിപ്പെരിയാറിലെ സഹോദരിമാരായ വിദ്യാർഥിനികളുടെ വീട്ടിൽ വൈദ്യുതി ഉടൻ; 2 ദിവസത്തിനുള്ളിൽ പോസ്റ്റുകൾ സ്ഥാപിച്ച് പുതിയ കണക്ഷൻ എത്തും

വണ്ടിപ്പെരിയാറിലെ സഹോദരിമാരായ വിദ്യാർഥിനികളുടെ വീട്ടിൽ വൈദ്യുതി ഉടൻ എത്തും. ജില്ലാ കളക്ടർ വിളിച്ച ചർച്ചയിൽ തീരുമാനം. പോബ്സ് എസ്റ്റേറ്റ് മാനേജ്മെൻ്റും, കുട്ടികളുടെ കുടുംബവും ചർച്ചയിൽ പങ്കെടുത്തു. രണ്ടുദിവസത്തിനുള്ളിൽ പോസ്റ്റുകൾ സ്ഥാപിച്ച് പുതിയ കണക്ഷൻ നൽകും. കണക്ഷൻ നൽകുന്നതിനെതിർപ്പില്ലെന്ന് എസ്റ്റേറ്റ് മാനേജ്മെൻറ് അറിയിച്ചു. എസ്റ്റേറ്റുമായുള്ള ഉടമസ്ഥാവകാശ തർക്കം നിലനിർത്തിയാണ് പരിഹാരം.

പോബ്സ് എസ്റ്റേറ്റ് മാനേജ്മെൻറ് വൈദ്യുതി പോസ്റ്റ് സ്ഥാപിക്കുന്നതിന് തടസ്സം നിന്നതോടെയാണ് രണ്ടുമാസമായി നാലംഗ കുടുംബം ഇരുട്ടിൽ കഴിയുകയായിരുന്നു. മെഴുകുതിരി വെളിച്ചത്തിൽ സഹോദരിമാരായ ഹാഷിനിയും ഹർഷിനിയും പഠിക്കുന്ന ദുരവസ്ഥ വാർത്തയാക്കിയതിന് പിന്നാലെയാണ് ജില്ലാ കളക്ടറുടെ നടപടി. വാർത്തയിൽ ഇടപെട്ട ഇടുക്കി കളക്ടർക്കും റവന്യൂ മന്ത്രി കെ രാജനും ഹർഷിനിയും ഹാഷിനിയും നന്ദി പറഞ്ഞു.

വിദ്യാർഥിനികളുടെ വീട്ടിലേക്ക് അടിയന്തരമായി കണക്ഷൻ നൽകണമെന്നാണ് ഇടുക്കി ജില്ലാ കളക്ടർ കെഎസ്ഇബിക്ക് നൽകിയ നിർദേശം. പോബ്സ് എസ്റ്റേറ്റുമായുള്ള സ്ഥല ഉടമസ്ഥ തർക്കം നിലനിർത്തി തന്നെയാണ് വൈദ്യുതി കണക്ഷൻ നൽകാൻ കെ എസ് ഇ ബിയോട് കളക്ടർ നിർദേശം നൽകിയിരിക്കുന്നത്.

വണ്ടിപ്പെരിയാർ ക്ലബ്ബിൽ നിന്നായിരുന്നു ഈ വീട്ടിലേക്ക് വൈദ്യുതി നൽകിയിരുന്നത്. ഇവിടേക്ക് ലൈനുകൾ വലിച്ചിരുന്ന തടികൊണ്ടുള്ള പോസ്റ്റ് കാലപ്പഴക്കത്തിൽ ഒടിഞ്ഞുവീണു. ഇതോടെ ക്ലബ്ബിലേക്കുള്ള വൈദ്യുതി ബന്ധം നിലച്ചു. ഒപ്പം ഈ കുട്ടികളുടെ വീട്ടിലേക്കുള്ളതും. ഹാഷിനിയും, ഹർഷിനിയും പിതാവ് മോഹനനും മുത്തശ്ശൻ വിജയനുമാണ് വീട്ടിൽ താമസിക്കുന്നത്. പുതിയ കണക്ഷൻ നൽകാൻ കെഎസ്ഇബി തയ്യാറാണെങ്കിലും എസ്റ്റേറ്റിനുള്ളിലൂടെ പോസ്റ്റുകൾ സ്ഥാപിക്കാൻ നിലവിലെ മാനേജ്മെൻറ് അനുമതി നൽകാത്തതായിരുന്നു പ്രധാനപ്രശ്നം.

ആർബിടി എസ്റ്റേറ്റിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഈ സ്ഥലം 25 വർഷം മുമ്പ് വിദ്യാർഥിനികളുടെ മുത്തശ്ശൻ വിജയന് എഴുതി നൽകിയതാണ്. എന്നാൽ എസ്റ്റേറ്റ് പോബ്സ് മാനേജ്മെൻറ് ഏറ്റെടുത്തതോടെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തിൽ തർക്കം ഉയർന്നു. എന്നാൽ വൈദ്യുതി ഇല്ലാതായതോടെ ഒന്നാം ക്ലാസ്സിലും അഞ്ചാം ക്ലാസ്സിലും പഠിക്കുന്ന പഠനം പ്രതിസന്ധിയിലായി. വീട്ടിലേക്കുള്ള വെള്ളം പമ്പ് ചെയ്യാനാകുന്നില്ല. ഇതെല്ലാം ചൂണ്ടിക്കാണിച്ച് കളക്ടർ ഉൾപ്പെടെയുള്ളവർക്ക് കുടുംബം പരാതി നൽകിയിരുന്നു.