TVK റാലിയിലെ അപകടം; ‘ആവശ്യമെങ്കിൽ ആരോ​ഗ്യ പ്രവർത്തകരെ അയക്കും’; സഹായം വാ​ഗ്ദാനം ചെയ്ത് കേരളം

ടിവികെ റാലിക്കിടെയുണ്ടായ അപകടത്തിൽ തമിഴ്നാടിന് സഹായം വാ​ഗ്ദാനം ചെയ്ത് കേരളം. തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യത്തെ ഫോണിൽ വിളിച്ച് സംസാരിച്ച് ആരോ​ഗ്യമന്ത്രി വീണാ ജോർ‌ജ്. കേരളത്തിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരുടെ ടീമിനെ ആവശ്യമെങ്കിൽ കരൂരിലേക്ക് അയക്കുന്നതിന് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട് എന്ന് അദ്ദേഹത്തെ അറിയിച്ചതായി വീണാ ജോ‍ർജ് പറഞ്ഞു. കേരളത്തിന്റെ പിന്തുണ ഉറപ്പു നൽകിയതായും അപകടത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും മന്ത്രി വീണാ ജോർജ് അറിയിച്ചു.

തമിഴ്നാട് കരൂർ ദുരനത്തിൽ ആവശ്യമെങ്കിൽ സഹായം വാഗ്ദാനം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു. റാലിക്കിടെയുണ്ടായ ദുരന്തത്തെ കുറിച്ച് തമിഴ്നാട് സർക്കാർ ജുഡീഷ്യഷൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട് ഹൈക്കോടതി മുൻ ജഡ്ജി അരുണ ജഗതീശൻ അന്വേഷിക്കും.

അപകടത്തിൽ സ്ഥിതിഗതികൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിലയിരുത്തി. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി അമിത് ഷാ ആശയവിനിമയം നടത്തി. കേന്ദ്രസർക്കാരിന്റെ സഹായം അമിത് ഷാ ഉറപ്പുനൽകുകയും ചെയ്തു. അതേസമയം സംഭവത്തിൽ തമിഴ്നാട് സർക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടി.